കോട്ടയം താലൂക്കിലെ കാലവര്‍ഷ ദ്രുത പ്രതികരണ സംവിധാനത്തിന്‍റെ (ഇന്‍സിഡന്‍റ് റസ്പോണ്‍സ് സിസ്റ്റം) കൈപ്പുസ്തകം ജില്ലാ കളക്ടര്‍ എം. അഞ്ജന പ്രകാശനം ചെയ്തു. ജില്ലാ തലത്തിലെയും കോട്ടയം താലൂക്കിലെയും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങളും അവശ്യ ടെലിഫോണ്‍ നമ്പരുകളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

വില്ലേജ് തലത്തിലുള്ള ദുരിതാശ്വാസ ക്യാമ്പുകള്‍, ദുരിതാശ്വാസ ക്യാമ്പുകളുടെ നടത്തിപ്പിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍, ക്യാമ്പില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ദുരന്ത നിവാരണത്തില്‍ വിവിധ വകുപ്പുകള്‍ക്കുള്ള ചുമതലകള്‍ തുടങ്ങിവയും വിശദമാക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു പുറമെ ഗ്യാസ് ഏജന്‍സികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, ഭക്ഷ്യവസ്തു വില്‍പ്പന കേന്ദ്രങ്ങള്‍, പ്രാദേശികമായി ഉപയോഗിക്കാവുന്ന ബോട്ടുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഫോണ്‍ നമ്പരുകളുമുണ്ട്.

കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ തഹസില്‍ദാര്‍ പി.ജി. രാജേന്ദ്രബാബു ആദ്യ കോപ്പി ഏറ്റുവാങ്ങി. എ.ഡി.എം അനില്‍ ഉമ്മന്‍, ഡെപ്യൂട്ടി കളക്ടര്‍(എല്‍.ആര്‍) ടി.കെ. വിനീത് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.