എറിയാട് – എടവിലങ്ങ് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശത്തെ കാര അറപ്പത്തോട് തുറന്നു. ഇരു പഞ്ചായത്തുകളുടെയും നേതൃത്വത്തിൽ രണ്ട് ജെ സി ബികൾ ഉപയോഗിച്ചാണ് അറപ്പത്തോട് പൊട്ടിച്ചത്. കടൽ കയറിയ വെള്ളവും മഴവെള്ളവും കെട്ടിക്കിടന്നു വെള്ളക്കെട്ടുണ്ടായ സാഹചര്യത്തിലാണ് അറപ്പത്തോട് പൊട്ടിച്ചു കടലിലേക്ക് ഒഴുക്കിയത്. കടലേറ്റം മൂലം അറപ്പത്തോടുകളിൽ മണ്ണ് കയറിയത് വെള്ളക്കെട്ട് രൂക്ഷമാക്കിയിരുന്നു.

എടവിലങ്ങ് പഞ്ചായത്തിലെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ വാർഡുകളിലും എറിയാട് ടിപ്പുസുൽത്താൻ റോഡിനു പടിഞ്ഞാറ് വശം ഒന്ന്, 22, 23, 20 വാർഡുകളിലുമായി കിടക്കുന്ന അറപ്പത്തോടാണ് തുറന്ന് വെള്ളം കടലിലേക്ക് ഒഴുക്കിയത്. എടവിലങ്ങ് പഞ്ചായത്ത് പ്രസിഡൻറ് എ പി ആദർശ്, എറിയാട് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ. വി എ സബാഹ്, അംബിക ശിവപ്രിയൻ, വാർഡ് മെമ്പർ കുഞ്ഞിക്കുട്ടൻ, വില്ലേജ് ഓഫീസർ സക്കീർ എന്നിവർ നേതൃത്വം നൽകി.