ജില്ലാ കളക്ടര്‍ എം. അഞ്ജന ഓഗസ്റ്റ് 21ന് നടത്തുന്ന കോട്ടയം താലൂക്ക് തല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തിലേക്കുള്ള പരാതികള്‍ ഓഗസ്റ്റ് ഏഴിനു രാവിലെ 10 മുതല്‍ വൈകുന്നേരം നാലു വരെ സ്വീകരിക്കും. താലൂക്കിലെ അക്ഷയ കേന്ദ്രങ്ങള്‍ വഴി ഇ-ആപ്ലിക്കേഷന്‍ മുഖേനയാണ് പരാതികള്‍ സമര്‍പ്പിക്കേണ്ടത്. നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്നവ സ്വീകരിക്കില്ല.
വീടും സ്ഥലവും ലഭ്യമാക്കല്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ചികിത്സാ ധനസഹായം, പ്രളയ ദുരിതാശ്വാസ സഹായം, റേഷന്‍ കാര്‍ഡ് , നിലം-തോട്ടം- പുരയിടം ഇനം മാറ്റം എന്നീ വിഭാഗങ്ങളില്പെട്ടവ ഒഴികെയുളള പരാതികളാണ് അദാലത്തില്‍ പരിഗണിക്കുക.
നേരിട്ട് പരാതിക്കാരുമായി സംസാരിക്കേണ്ട കേസുകളിലാണ് ആഗസ്റ്റ് 21 ന് കളക്ടര്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തുക. അപേക്ഷകര്‍ക്ക് കളക്ടറോട് സംസാരിക്കുന്നതിന് അതത് മേഖലകളിലെ അക്ഷയ കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കും. മുന്‍കൂട്ടി അറിയിക്കുന്ന സമയത്ത് അപേക്ഷകര്‍ അക്ഷയ കേന്ദ്രങ്ങളില്‍ എത്തണം. തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള മറ്റ് ഉദ്യോഗസ്ഥര്‍ അതത് ഓഫീസുകളില്‍നിന്ന് അദാലത്തില്‍ പങ്കുചേരും.
കോവിഡ് പ്രതിരോധത്തിനായുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ അദാലത്ത് നടത്തുന്നത്.