പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച ആലത്തൂര്‍ സ്വാതി ജംഗ്ഷന്‍ തെക്കുമുറി റോഡ് ഗതാഗത യോഗ്യമാക്കി. നവീകരിച്ച റോഡിന്റെ ഉദ്ഘാടനം  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി നിര്‍വഹിച്ചു.

ആലത്തൂര്‍ പ്രദേശവാസികളുടെ കാലങ്ങളായുള്ള ഗതാഗത പ്രശ്നത്തിനാണ് ഇതോടെ പരിഹാരമാവുന്നതെന്നും ഇത്തരം പശ്ചാത്തല സൗകര്യം അത്യന്താപേക്ഷിതമാണെന്നും കുടിവെള്ളം പോലുള്ള സൗകര്യം ഉറപ്പു വരുത്തുന്നതിനോടൊപ്പം തന്നെ പ്രധാന റോഡുകളുമായി ബന്ധപ്പെടുന്ന ചെറു റോഡുകള്‍ കൂടി ഗതാഗതയോഗ്യമാക്കി വരികയാണ്,  ഉറപ്പു വരുത്തുന്നതില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍  പ്രധാന പങ്കുവഹിക്കുന്നതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ജില്ലാ പഞ്ചായത്തിന്റെ 40 ലക്ഷം രൂപ ഫണ്ടും ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നിന്നുള്ള ആറ് ലക്ഷം  ഫണ്ടും ചേര്‍ത്ത് 46 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിച്ചത് ്. സ്വാതി ജങ്ഷനില്‍ നടന്ന പരിപാടിയില്‍ ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ നാസര്‍ അധ്യക്ഷനായി. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. കെ.  ചാമുണ്ണി മുഖ്യാതിഥിയായി.് ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി. മീനാകുമാരി, ആലത്തൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് വി. ഹേമലത, ആലത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രമ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.