ആലത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പെരുവെത്തക്കാട് അങ്കണവാടി കെട്ടിടോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി നിര്‍വഹിച്ചു. സമൂഹത്തിന്റെ പൊതുവികസനത്തിന്റെ ഭാഗമാവേണ്ട പൊതുകേന്ദങ്ങളില്‍ ഒന്നാണ് അങ്കണവാടികള്‍ ആലത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ശിശുവികസനത്തിന്റെ ഭാഗമായി 23 അങ്കണവാടി കെട്ടിടങ്ങളാണ് ഇതുവരെ പൂര്‍ത്തീകരിച്ചിരിക്കുന്നത്.

ഇതിന് ജില്ലാപഞ്ചായത്തില്‍ നിന്നുള്ള കൈത്താങ്ങ് നല്‍കാന്‍ കഴിഞ്ഞു എന്നത് അഭിമാനാര്‍ഹമാണ്. ജില്ലാ പഞ്ചായത്തിന്റെ 2018-19 സാമ്പത്തിക വര്‍ഷത്തിലെ 10 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചാണ് നിലവില്‍ അങ്കണവാടി കെട്ടിടം പണി പൂര്‍ത്തീകരിച്ചിരിക്കുന്നത്. പെരുവെത്തക്കാട് അങ്കണവാടി കെട്ടിടം ഉദ്ഘാടനം കഴിയുന്നതോടെ സ്വന്തമായി ഒരു കെട്ടിടത്തില്‍ അങ്കണവാടി പ്രവര്‍ത്തനം ആരംഭിക്കുകയാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

പുതിയങ്കം സ്വദേശിയായ കുമാരനാണ് അങ്കണവാടി കെട്ടിടത്തിനുള്ള സ്ഥലം സംഭാവന ചെയ്തത്. പാലക്കാട് ജില്ലാ പഞ്ചായത്തിന്റെയും ആലത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ച് ശിശു സൗഹാര്‍ദമായാണ് അങ്കണവാടി കെട്ടിടം പണി കഴിപ്പിച്ചിരിക്കുന്നത്.

കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് അങ്കണവാടി പരിസരത്ത് നടന്ന പരിപാടിയില്‍  ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ നാസര്‍ അധ്യക്ഷനായി. പാലക്കാട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.മീനാകുമാരി, ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രജനി ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.രമ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഞ്ജലി മേനോന്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.വി കൃഷ്ണന്‍ മാസ്റ്റര്‍, ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.വിജയന്‍, സെക്രട്ടറി ടി.എല്‍ അജിത്ത് പ്രസാദ്, ഐ.സി.ഡി.എസ.് സൂപ്പര്‍വൈസര്‍ ജയജ്യോതി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.