നിര്‍മ്മാണോദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു

പാലക്കാട് പുതുപരിയരത്ത് സ്ഥാപിക്കുന്ന റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിന്റെ നിര്‍മ്മാണോദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ആദിവാസികള്‍ ഏറെയുള്ള പാലക്കാട് പോലെയുള്ള സ്ഥലത്ത് പബ്ലിക് ഹെല്‍ത്ത് ലാബ് വരുന്നത് സ്വകാര്യ മേഖലയെ മാത്രം ആശ്രയിക്കുന്ന ജനങ്ങള്‍ക്ക് ഏറെ സഹായകരമാകുന്നതാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.

സംസ്ഥാനത്തെ പത്താമത്തെ പബ്ലിക് ഹെല്‍ത്ത് ലാബാണ് പാലക്കാട് സ്ഥാപിക്കുന്നത്. ഈ സര്‍ക്കാര്‍ വന്ന ശേഷം സ്ഥാപിക്കുന്ന നാലാമത്തെ പബ്ലിക് ഹെല്‍ത്ത് ലാബാണിത്. പത്തനംതിട്ട, വയനാട്, മലപ്പുറം എന്നിവിടങ്ങളിലാണ് നേരത്തെ പബ്ലിക് ലാബ് സ്ഥാപിച്ചത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 2 കോടി രൂപയാണ് ഈ ലാബിനായി വകയിരുത്തിയതെന്നും മന്ത്രി വ്യക്തമാക്കി.

ഒ.പി., ഐ.പി. ബാധകമല്ലാതെ ഡോക്ടറുടെ കുറുപ്പടിയോട് കൂടി ഏതൊരാള്‍ക്കും പബ്ലിക് ഹെല്‍ത്ത് ലാബിന്റെ സേവനം ലഭ്യമാണ്. ബി.പി.എല്‍. വിഭാഗക്കാര്‍ക്ക് എല്ലാവിധ പരിശോധനകളും സൗജന്യമായാണ് ചെയ്ത് കൊടുക്കുന്നത്. എ.പി.എല്‍. വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിശ്ചിത ഫീസ് മാത്രമേ ഈടാക്കുകയുള്ളൂ.

ക്ലിനിക്കല്‍ പത്തോളജി, ബയോകെമിസ്ട്രി, സീറോളജി എന്നീ വിഭാഗങ്ങളില്‍പ്പെട്ട പരിശോധനകള്‍ തുടക്കത്തില്‍ തന്നെ ആരംഭിക്കുന്നതാണ്.

തുടര്‍ന്ന് സൈറ്റോളജി, ഹിസ്റ്റോ പത്തോളജി, കോവിഡ് പരിശോധന എന്നിവയും ആരംഭിക്കാന്‍ സാധിക്കുന്നതാണ്. ഡോക്ടര്‍മാര്‍, സയന്റിഫിക് ഓഫീസര്‍മാര്‍. ലാബ് ടെക്‌നീഷ്യന്‍മാര്‍ എന്നിവരങ്ങുന്ന സംഘമാണ് ലാബിന് നേതൃത്വം നല്‍കുന്നത്.