പാലക്കാട് ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണാർക്കാട് താലൂക്കിൽ രണ്ടു ക്യാമ്പുകൾ തുറന്നതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു. ഷോളയൂർ ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിലും പാലക്കയം ദാറുൽ ഫർഖാൻ ഗേൾസ് ഹോമിലുമാണ് ക്യാമ്പുകൾ തുറന്നത്. ഷോളയൂരിൽ മൂന്ന് കുടുംബങ്ങളിലെ 14 പേരും (സ്ത്രീ 6, പുരുഷൻ മൂന്ന്, കുട്ടികൾ 5) പാലക്കയത്ത് എട്ടു കുടുംബങ്ങളിലെ 20 പേരുമാണ് (സ്ത്രീ 6, പുരുഷൻ 6, കുട്ടികൾ 8) താമസിക്കുന്നത്.

ജില്ലയിലെ മറ്റു നാശനഷ്ടങ്ങൾ

ജില്ലയിൽ കഴിഞ്ഞദിവസമുണ്ടായ കനത്ത മഴയിൽ മണ്ണാർക്കാട് താലൂക്കിലെ ഒരു വീട് പൂർണമായും തകർന്നു. ആലത്തൂർ, ചിറ്റൂർ, പാലക്കാട്, മണ്ണാർക്കാട് താലൂക്കുകളിലായി 35 വീടുകളിലാണ് ഭാഗികമായ കേടുപാടുകൾ സംഭവിച്ചത്. 48.79 കിലോമീറ്റർ കെഎസ്ഇബി കണക്ഷനുകൾക്കാണ് കഴിഞ്ഞ ദിവസം പെയ്ത മഴയിൽ കേടുപാട് സംഭവിച്ചത്. കൂടാതെ 347 പോസ്റ്റുകളും 2 ട്രാൻസ്ഫോർമറുകളും തകർന്നു.79.17 ഹെക്ടർ കൃഷിനാശവും ഉണ്ടായി. പാലക്കാട് -പൊള്ളാച്ചി, കൽമണ്ഡപം -കൽപാത്തി, തണ്ണീർപന്തൽ എന്നീ റോഡുകളിലെ ചില ഭാഗങ്ങളിൽ കേടുപാടുകൾ സംഭവിച്ചു. ഒറ്റപ്പാലം മണ്ണാർക്കാട് റോഡിലെ കലുങ്കിന് കേടുപാടുണ്ടായി. മണ്ണാർക്കാട് ചിന്നതടാകം റോഡിലും മരം വീണും കേടുപാട് സംഭവിച്ചു.