ഇടുക്കി രാജമല പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനങ്ങൾ രാവിലെ തന്നെ പുനരാരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ, വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
57 പേരടങ്ങുന്ന 2 എൻ.ഡി.ആർ. എഫ് ടീമും, ഇടുക്കി ജില്ലയിലെ മുഴുവൻ യൂണിറ്റും, ഫയർ & റെസ്ക്യൂ വിഭാഗത്തിൽ നിന്നും പ്രത്യേക പരിശീലനം നേടിയ 50 അംഗ ടീമും,കോട്ടയത്തു നിന്ന് 24 അംഗ ടീമും ഇന്നലെ തന്നെ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇത് കൂടാതെ പ്രത്യേക പരിശീലനം നേടിയ 27 ഫയർ &റെസ്ക്യൂ ടീമിനെ ഇന്ന് അയച്ചിട്ടുണ്ട്. പൊലീസിന്റെയും, ആരോഗ്യ വകുപ്പിന്റെയും, റവന്യൂ വകുപ്പിന്റെയും ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

എൻ ഡി ആർ എഫിൻ്റെ നേതൃത്വത്തിലാണ് രണ്ടാം ദിവസം തിരച്ചിൽ ജോലികൾ നടക്കുക. കൂടുതൽ മണ്ണ്മാന്തി യന്ത്രങ്ങൾ ഉൾപ്പെടെ എത്തിച്ച സാഹചര്യത്തിൽ തിരച്ചിൽ പ്രവർത്തനങ്ങൾക്ക് ഇന്ന് കൂടുതൽ വേഗത കൈവരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. പെട്ടിമുടിയിൽ ഇപ്പോഴും ചാറ്റൽ മഴ തുടരുകയാണ്. ഇത് രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്. ഉരുൾപൊട്ടലുണ്ടായ ഭാഗത്ത് വെള്ളമൊഴുക്ക് നിലനിൽക്കുന്നതിനാൽ ചതുപ്പ് പോലെ രൂപപ്പെട്ട് ചവിട്ടുന്നിടം താഴ്ന്ന് പോകുന്ന സ്ഥിതിയുണ്ട്. ഇതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നു. വെള്ളിയാഴ്ച്ച കണ്ടെത്തിയവരുടെ മൃതദേഹങ്ങൾ ഇന്ന് പെട്ടി മുടിയിൽ തന്നെ തയ്യാറാക്കിയ പ്രത്യേക ഇടത്ത് പോസ്റ്റുമാർട്ടം നടത്തുമെന്ന വിവരം ലഭിക്കുന്നുണ്ട്. ഇവരുടെ സംസ്ക്കാര ചടങ്ങുകളും പെട്ടിമുടിയിൽ കമ്പനി അനുവദിച്ച സ്ഥലത്ത് നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. രാജമലയിൽ നിന്നും പെട്ടിമുടിയിലേക്കുള്ള പാതയിൽ പലയിടത്തും മണ്ണിടിഞ്ഞും മരങ്ങൾ കടപുഴകിയും കിടക്കുന്ന സാഹചര്യമുണ്ട്. വലിയ വാഹനങ്ങൾ ദുരന്തമുഖത്തേക്കെത്തിക്കുന്നതിന് ഇത് വെല്ലുവിളി ഉയർത്തുന്നു. പ്രാദേശിക ഭരണകൂടത്തിൻ്റെയും ജനപ്രതിനിധികളുടെയുമെല്ലാം സാന്നിധ്യവും സഹകരണവുമെല്ലാം ദുരന്തമുഖത്ത് സജീവമായുണ്ട്. മന്ത്രിമാരുൾപ്പെടെയുള്ളവരുടെ സാന്നിധ്യവും ഇന്ന് പെട്ടിമുടിയിൽ പ്രതീക്ഷിക്കുന്നതായാണ് ലഭിക്കുന്ന വിവരം.രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതോടെ കൂടുതൽ ആളുകളെ മണ്ണിനടിയിൽ നിന്നും കണ്ടെടുക്കാനാകുമെന്നാണ് പ്രതീക്ഷ.