കാസർകോട്: കാര്യങ്കോട് പുഴയുടെ കരയില്‍ താമസിക്കുന്ന ചില വീട്ടുകാര്‍ റവന്യു അധികൃതരുടെ നിര്‍ദേശം അവഗണിച്ച് കൊണ്ട് ആ പ്രദേശങ്ങളില്‍ തുടരുന്നതായും ഇവര്‍ എത്രയും പെട്ടെന്ന് മാറിത്താമസിക്കണമെന്നും ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു അറിയിച്ചു. ഇന്നും നാളെയും (8,9) ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലയില്‍ രാത്രി കാലങ്ങളില്‍ മഴ ശക്തി പ്രാപിച്ചേക്കാം. ഈ സാഹചര്യത്തില്‍ കാര്യങ്കോട് പുഴയില്‍ വെള്ളം ഉയരാന്‍ സാധ്യതയുണ്ട്.

ഈ മേഖലകളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശമനുസരിച്ച് ആ ഭാഗങ്ങളില്‍ നിന്ന് മാറിത്താമസിക്കണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. കോവിഡ് ജാഗ്രത പാലിച്ച് ക്രമീകരണങ്ങള്‍ നടത്താന്‍ റവന്യു വകുപ്പിന് എല്ലാ ഉത്തരവുകളും നല്‍കിയിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് ബന്ധുവീടുകളിലേക്കും മാറിത്താമസിക്കാം.

ജാഗ്രത പാലിക്കേണ്ട മേഖലകള്‍

മഴ ഇനിയും ശക്തി പ്രാപിച്ചേക്കാമെന്നതില്‍ കാര്യങ്കോട് പുഴയുടെ കരയില്‍ താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. നീലേശ്വരം നഗരസഭയിലെ ചെമ്മാക്കര, മുണ്ടേമ്മാട്, കോയാമ്പുറം, ഉച്ചൂളിക്കുതിര്, ആനച്ചാല്‍, കടിഞ്ഞിമൂല, ഓര്‍ച്ച, പുറത്തെക്കൈ, പടിഞ്ഞാറ്റംകൊഴുവയല്‍, നാഗച്ചേരി, പേരോല്‍ വില്ലേജിലെ പാലായി, പൊടോതുരുത്തി, കാര്യങ്കോട്, ചാത്തമത്ത് എന്നീ ചെറുവത്തൂര്‍ പഞ്ചായത്ത് തുരുത്തി വില്ലേജിലെ അച്ചാംതുരുത്തി, കുറ്റിവയല്‍, മയിച്ച, കയ്യൂര്‍-ചീമേനിയിലെ കൂക്കോട്ട്, പൊതാവൂര്‍, ചെറിയാക്കര, കയ്യൂര്‍, മയ്യല്‍, ക്ലായിക്കോട്, വില്ലേജിലെ വെള്ളാട്ട്, ക്ലായിക്കോട്, ചീമേനി വില്ലേജിലെ മന്ദച്ചം വയൽ, പെരിയ എന്നിവയിലെ കാര്യങ്കോട് പുഴയുടെ സമീപത്തുള്ളവരാണ് റവന്യു അധികൃതരുടെ നിര്‍ദേശം പാലിച്ച് മാറിത്താമസിക്കേണ്ടതെന്ന് കളക്ടര്‍ അറിയിച്ചു.