ഇടുക്കി രാജമല പെട്ടിമുടിയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ മരണം 26 ആയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വെള്ളിയാഴ്ച കണ്ടെത്തിയ 15 മൃതദേഹങ്ങൾക്കു പുറമെ ശനിയാഴ്ച 11 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. അതിൽ മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിഞ്ഞത് രാജ, വിജില (47), കുട്ടിരാജ് (48), പവൻതായി, മണികണ്ഠൻ (30), ദീപക്ക് (18), ഷൺമുഖ അയ്യർ (58), പ്രഭു (55) എന്നിവരെയാണ്. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, വൈദ്യുതി മന്ത്രി എം.എം. മണി എന്നിവർ അവിടെ ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. 78 പേരാണ് ദുരന്തത്തിൽ പെട്ടത്. 12 പേരെ രക്ഷപ്പെടുത്താനായി.

രാജമലയിൽ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണ്. ഒറ്റയടിക്ക് ഇല്ലാതായിപ്പോയവരുടെ മൃതദേഹങ്ങൾ ഒന്നിച്ച് സംസ്‌കരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾ അതിവേഗം നടക്കുന്നു. മരണമടഞ്ഞവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് എല്ലാവിധ സഹായവും നൽകും. മരണമടഞ്ഞവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ വീതം അടിയന്തര ആശ്വാസം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആവശ്യമായ എല്ലാ ചികിത്സയും സർക്കാർ ചെലവിൽ നടത്തും. പ്രകൃതിദുരന്തത്തിൽ സർവവും നഷ്ടപ്പെട്ടുപോയ അവരെ സംരക്ഷിക്കാനും ആ കുടുംബങ്ങൾക്ക് തുടർന്നുള്ള ജീവിതത്തിൽ അത്താണിയാവാനും സർക്കാർ ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

രക്ഷാപ്രവർത്തനങ്ങൾക്കാവശ്യമായ സംവിധാനങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ട്.
എൻഡിആർഎഫിന്റെ രണ്ടു ടീമുകളാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. പൊലീസ്, ഫയർഫോഴ്‌സ് സേനാംഗങ്ങളും തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ള നാട്ടുകാരുമുണ്ട്. ഇവരുടേതെല്ലാം സ്തുത്യർഹമായ സേവനമാണ്. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ചിട്ടുണ്ട്. ഉരുൾപൊട്ടലുണ്ടായ ഭാഗത്ത് വെള്ളമൊഴുക്ക് നിലനിൽക്കുന്നതിനാൽ ചതുപ്പ് രൂപപ്പെട്ടിട്ടുണ്ട്. ഇത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നു. രാജമലയിൽ നിന്നും പെട്ടിമുടിയിലേക്കുള്ള പാതയിൽ പലയിടത്തും മണ്ണിടിഞ്ഞും മരങ്ങൾ കടപുഴകിയും കിടക്കുകയാണ്. വലിയ വാഹനങ്ങൾ ദുരന്തമുഖത്ത് എത്തിക്കുന്നതിന് ഇത് തടസ്സം സൃഷ്ടിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.