പമ്പാ ഡാമിന്റെ ജലാശയത്തിലേക്ക് ശക്തമായ നീരൊഴുക്ക് ഉള്ളതിനാല്‍ ഷട്ടറുകള്‍ തുറന്ന് അധികജലം ഒഴുക്കി വിടുന്നതിന് മുമ്പായുള്ള രണ്ടാമത്തെ അലര്‍ട്ടായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

അണക്കെട്ടിലെ ജലനിരപ്പ് 983.05 മീറ്റര്‍ ആയിട്ടുണ്ട്. ഓഗസ്റ്റ് ഏഴിന് 207 മില്ലി മീറ്റര്‍ മഴ കിട്ടുകയും അതിലൂടെ 12.36 എംസിഎം ജലം ഒഴുകിയെത്തുകയും ചെയ്തു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് അനുസരിച്ച് പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാല്‍ ഇന്നലത്തേതിനു സമാനമായ നീരൊഴുക്ക് ഉണ്ടാകാന്‍ ഇടയുണ്ട്. ഒരു മണിക്കൂറിനുള്ളില്‍ ജലനിരപ്പ് 983.50 മീറ്ററിലേക്ക് എത്താന്‍ സാധ്യതയുണ്ട്. ഇതിനാലാണ് രണ്ടാമത്തെ അലര്‍ട്ടായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. 984.5 മീറ്ററാകുമ്പോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. ഇതിനു ശേഷം 985 മീറ്റര്‍ ഉയരത്തില്‍ എത്തുമ്പോഴാണ് ഡാം തുറക്കുക. പമ്പാ നദീ തീരത്തു താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.