ആദിവാസികൾക്ക് ആവശ്യമായ ഗുണമേൻമയുളള ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നതിന് സപ്ലൈകോയെ ചുമതലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അട്ടപ്പാടിയിലെ ആദിവാസി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി മുക്കാലി ഫോറസ്റ്റ് ബംഗ്ലാവ് ഹാളിൽ ചേർന്ന ഉദ്യോഗസ്ഥ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആദിവാസികൾ ആവശ്യപ്പെടുന്ന ഭക്ഷ്യധാന്യങ്ങൾ അവർക്കുറപ്പാക്കും. ഇതിനായി 10 കോടി ചെലവഴിക്കും. ഏപ്രിൽ മാസത്തോടെ പദ്ധതി ആരംഭിക്കാനാകും. റേഷൻ കടകളുടെ നടത്തിപ്പ് കൂടുതൽ കാര്യക്ഷമമാക്കും. റേഷൻ കടകളുടെ പ്രവർത്തനം അയർക്കൂട്ടങ്ങളെ ഏൽപ്പിക്കുന്നത് ആലോചനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കമ്മ്യൂനിറ്റി കിച്ചനുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും. നിലവിൽ അങ്കണവാടി കുട്ടികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമര പ്രായക്കാരായ സ്ത്രീകൾ എന്നിവരാണ് കമ്മ്യൂനിറ്റി കിച്ചനുകളുടെ ഉപഭോക്താക്കൾ. ആവശ്യക്കാരായ മുഴുവൻ ആദിവാസികൾക്കും കമ്മ്യൂനിറ്റി കിച്ചൻ സൗകര്യം ലഭ്യമാക്കും. അട്ടപ്പാടിയിൽ ഇതിന് തുടക്കം കുറിക്കും. മാനസിക രോഗികളെ താമസിപ്പിക്കുന്നതിനായി ‘കെയർ ഹോം’ തുടങ്ങും. സാമൂഹിക നീതി വകുപ്പും പട്ടികവർഗ വികസന വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുക. അട്ടപ്പാടിയിലെ സർക്കാർ ആശുപത്രികളിലെ സ്ത്രീ രോഗ വിഭാഗം (ഗൈനക്കോളജി) ശാക്തീകരിക്കും. ട്രൈബൽ പ്രമോട്ടർമാരില്ലാത്ത ഊരുകളിൽ വേഗത്തിൽ നിയമനം നടത്തും. ഓരോ ആദിവാസിക്കും ട്രൈബൽ പ്രമോട്ടർമാരുടെ സംരക്ഷണം ഉറപ്പാക്കും. മദ്യപാനത്തിനെതിരെ വിമുക്തി പദ്ധതി വഴി ശക്തമായ ബോധവത്ക്കരണം നടത്തും. അട്ടപ്പാടിയിൽ ഡീ അഡിക്ഷൻ കേന്ദ്രം ആരംഭിക്കും. പട്ടികജാതി-വർഗ വിഭാഗ പീഡനങ്ങൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും. ആദിവാസികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കും. ഊരുകളിൽ ചോളം – റാഗി കൃഷി പ്രോത്സാഹിപ്പിക്കും. ആദിവാസികൾക്ക് ഇത്തരത്തിൽ തൊഴിൽ സൃഷ്ടിക്കാനാകും. അട്ടപ്പാടിയിലെ സർക്കാർ സ്ഥാപനങ്ങളിലെ താത്കാലിക ഒഴിവുകളിൽ അർഹരായ ആദിവാസികളെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കും. മെയ് മാസത്തോടെ ആദിവാസികൾക്ക് നൽകാനുള്ള മുഴുവൻ ഭൂമിയും പതിച്ചു നൽകും. അട്ടപ്പാടിയിൽ നടപ്പിലാക്കുന്ന പദ്ധതികളുടെ നിർവഹണ ഓഫീസറുടെ ചുമതല ഐ.റ്റി.ഡി.പി. പ്രൊജക്റ്റ് ഓഫീസർക്കാകും. പ്രാദേശിക ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ഐ.റ്റി.ഡി.പി ഓഫീസർ പദ്ധതി നിർവഹണത്തിന് കൃത്യമായ സംവിധാനമുണ്ടാക്കണം. വയനാട് അടക്കമുളള എല്ലാ ആദിവാസി കേന്ദ്രങ്ങളിലും ഈ സംവിധാനം നടപ്പാക്കും. സബ് കലക്റ്റർ പദ്ധതി ഏകോപനം ഉറപ്പാക്കണം. മുക്കാലി-ചിണ്ടക്കി റോഡ് നിർമാണം ഉടൻ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.
മുക്കാലി ഫോറസ്റ്റ് ഐ.ബി ഹാളിൽ ചേർന്ന യോഗത്തിൽ ആരോഗ്യ-സാമുഹിക ക്ഷേമ വകുപ്പ് മന്ത്രി ശൈലജ ടീച്ചർ, എം.ബി. രാജേഷ് എം.പി., എം.എൽ.എ.മാരായ എൻ.ഷംസുദ്ദീൻ, പി.കെ. ശശി, ചീഫ് സെക്രട്ടറി പോൾ ആൻറണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി, ജില്ലാ കലക്റ്റർ ഡോ: പി. സുരേഷ് ബാബു, വിവിധ വകുപ്പ് സെക്രട്ടറിമാർ, ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുത്തു
