അട്ടപ്പാടിയിൽ മുക്കാലി താഴെ ചിണ്ടക്കി ഊരിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണം കുറ്റമറ്റ രീതിയിൽ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മധുവിന്റെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സാമൂഹിക മാധ്യമങ്ങൾ വഴി അപവാദപ്രചാരണത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. യാതൊന്നും ഭയപ്പെടേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മധുവിന്റെ അമ്മ മല്ലി, സഹോദരിമാരായ സരസു, ചന്ദ്രിക മറ്റ് ബന്ധുക്കൾ തുടങ്ങിയവരെ മുഖ്യമന്ത്രി ആശ്വസിപ്പിച്ചു,പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന മധുവിന്റെ അമ്മയുടെ ആവശ്യം കോടതിയാണ് തീരുമാനിക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുക്കാലി-ചിണ്ടക്കി ഊരിലേക്കുളള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുമെന്നും മുഖ്യമന്ത്രി കുടുംബാംഗങ്ങളോട് പറഞ്ഞു. മധുവിനെ കൊന്നവർക്ക് പരമാവധ ശിക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അമ്മയും ബന്ധുക്കളും മഖ്യമന്ത്രിക്ക് നിവേദനം കൈമാറി.
ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ, എം.ബി. രാജേഷ് എം.പി, എം.എൽ.എ മാരായ എൻ. ഷംസുദീൻ, പി.കെ ശശി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി, ജില്ലാ കലക്റ്റർ ഡോ.പി സുരേഷ് ബാബു, സെൻട്രൽ സോൺ ഐ.ജി എം.ആർ. അജിത്കുമാർ ജില്ലാ പൊലിസ് സൂപ്രണ്ട് പ്രതീഷ് കുമാർ, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് റ്റി.എൻ കണ്ടമുത്തൻ തുടങ്ങിയവർ മുഖ്യമന്ത്രിയെ അനുഗമിച്ചു.