തൃശ്ശൂർ: കാലവർഷം കനത്തതോടെ വെള്ളം കയറിയ പ്രദേശത്ത് നിന്നും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കുകയാണ് എടത്തിരുത്തിയിലെ റാപ്പിഡ് റെസ്‌ക്യൂ ടീം. എടത്തിരുത്തി ഒന്നാം വാർഡായ പൈനൂരിലെ കിഴക്കൻ പ്രദേശത്താണ് റാപ്പിഡ് റെസ്‌ക്യൂ ടീം സഹായഹസ്തവുമായി രംഗത്തെത്തിയത്.

വാഹനാപകടത്തെ തുടർന്ന് പതിനൊന്ന് വർഷമായി കിടപ്പിലായ ഗോപാലൻ മകൻ ഗോപകുമാറി(32)ന് ഒന്നാം വാർഡ്തല റാപ്പിഡ് റെസ്‌ക്യൂടീം അംഗങ്ങളുടെ ഇടപെടലിനെ തുടർന് എടമുട്ടം ആൽഫയിൽ സംരക്ഷണം ഒരുക്കി.

ഗോപകുമാർ താമസിക്കുന്ന വീടിന്റെ പ്രദേശം വെള്ളം കയറിയതിനാൽ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. വീടിനകത്തേക്കും വെള്ളം കയറാവുന്ന നിലയിലാണ്. പ്രായമായ അച്ഛനും അമ്മയുമാണ് ഗോപകുമാറിന് തുണ.

കടുത്ത തണുപ്പിൽ അധികനേരം കിടക്കാൻ ഗോപകുമാറിന് സാധിക്കില്ല. തുടർന്ന് പഞ്ചായത്തിൽ വിവരമറിയിച്ചതിനെ തുടർന്ന്പഞ്ചായത്ത് അംഗങ്ങളായ ഉഷ വേലായുധൻ, സൈനു, ആൽഫ പി ആർ ഒ താഹിറ, റാപ്പിഡ് റെസ്‌ക്യൂ ടീം അംഗങ്ങളായ ഷെമീർ എളേടത്ത്, കെ.വി ശ്രീധരൻ, ബാബു പണിക്കവീട്ടിൽ, ജയേഷ് കെ.ജെ, രാജേഷ് പി.എസ്, ഷനിത ലെനിൻ എന്നിവരുടെ നേതൃത്വത്തിൽ സംരക്ഷണം ഒരുക്കുകയായിരുന്നു.