കടപ്പുറം ഗ്രാമപഞ്ചായത്തിലെ അഞ്ചങ്ങാടി വളവ് ലേഡീസ് റോഡ് പ്രദേശം രൂക്ഷമായ വെള്ളക്കെട്ടിലായി. തുടർന്ന് വെള്ളം കടലിലേക്ക് ഒഴുക്കിവിടാൻ നിർമ്മിച്ച അറപ്പ കാന തുറന്നു. കടൽക്ഷോഭത്തിൽ മണൽ കയറി മൂടിപ്പോയ കാന ജെ.സി.ബി ഉപയോഗിച്ച് ഫയർഫോഴ്‌സും സന്നദ്ധ പ്രവർത്തകരും മണിക്കൂറുകളോളം പ്രയത്‌നിച്ചതിന്റെ ഫലമായാണ് കാന തുറന്നത്.

വെള്ളക്കെട്ട് മൂലം വാഹന ഗതാഗതവും ജനങ്ങളുടെ സഞ്ചാരവും തടസ്സപ്പെട്ടിരുന്നു. അറപ്പകാന പുനർനിർമ്മാണം പത്ത് ലക്ഷം രൂപ ചിലവിൽ തുടങ്ങി പകുതി പണി പൂർത്തിയായിട്ടുണ്ട്.

പണി പൂർത്തിയാകുന്നതോടെ വർഷങ്ങളായി ഈ പ്രദേശത്തെ ബാധിക്കുന്ന പ്രധാന പ്രശ്‌നമായ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകും. വാർഡ് മെമ്പർ പി. കെ. ബഷീർ, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി.എം. മനാഫ്, മെമ്പർ വി.എം. മനാഫ് തുടങ്ങിയവരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.