കോട്ടയം മണര്‍കാട് പാലമുറി പാലത്തിനു സമീപം കാറുമായി ഒഴുക്കില്‍ പെട്ടു കാണാതായ അങ്കമാലി അയ്യമ്പുഴ സ്വദേശി ജസ്റ്റിന്‍ ജോയി(26) മരണമടഞ്ഞു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഇന്ന്(ഓഗസ്റ്റ് 9) ഉച്ചയ്ക്ക് ഒന്നരയോടെ സമീപത്തെ പാടത്ത് കാര്‍ കണ്ടെത്തുകയായിരുന്നു. കാറിനുള്ളില്‍ മരിച്ച നിലയിലായിരുന്നു യുവാവ്.

നെടുമ്പാശേരി വിമാനത്താവളത്തിൽ ടാക്‌സി ഡ്രൈവറായ ജസ്റ്റിന്‍ മല്ലപ്പള്ളിയിലേക്ക് ഓട്ടം പോയി മടങ്ങും വഴിയാണ് ശനിയാഴ്ച്ച രാത്രി ഒഴുക്കില്‍ പെട്ടത്.

എന്‍.ഡി.ആര്‍.എഫ്, ഫയര്‍ ഫോഴ്‌സ്, ഈരാറ്റുപേട്ടയിലെ സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ നന്മക്കൂട്ടം എന്നിവര്‍ സംയുക്തമായാണ് മേഖലയില്‍ തിരച്ചില്‍ നടത്തിയത്.

തോമസ് ചാഴികാടൻ എം.പി, എം. എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, റോജി എം ജോൺ, മുൻ എം.എൽ.എ വി.എൻ.വാസവൻ,
ജില്ലാ കളക്ടര്‍ എം. അഞ്ജന, ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, എ.ഡി.എം അനില്‍ ഉമ്മൻ എന്നിവർ സ്ഥലത്തെത്തിയിരുന്നു.

ജില്ലാ ഫയര്‍ ഓഫീസര്‍ കെ.ആര്‍. ഷിനോയ്, തഹസില്‍ദാര്‍ പി.ജി. രാജേന്ദ്രബാബു, എല്‍.ആല്‍. തഹസില്‍ദാര്‍ ഷൈജു പി. ജേക്കബ്, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി സന്തോഷ്, തുടങ്ങിയവര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി.