*കോട്ടയത്ത് കാറുമായി വെള്ളത്തിൽ കാണാതായ യുവാവ് മരിച്ചു
*പെട്ടിമുടി ദുരന്തത്തിൽ മരണം 43 ആയി

കാലവർഷം കനത്തതോടെ വിവിധ ജില്ലകളിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റി.
മൂന്നാർ പെട്ടിമുടിയിൽ ദുരന്തത്തിൽ മരണം 43 ആയി. മൂന്നാം ദിവസത്തെ തിരച്ചിലിൽ ആറു മാസം പ്രായമായ കുട്ടിയുടേത് ഉൾപ്പെടെ 17 മൃതദേഹങ്ങൾ കണ്ടെടുത്തു. പത്തോളം മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് വലിയ പാറകൾ നീക്കം ചെയ്ത് 10 – 15 അടി താഴ്ചയിൽ മണ്ണു മാറ്റിയാണ് തിരച്ചിൽ നടത്തുന്നത്. മന്ത്രിമാരായ കെ. രാജു, എ. കെ. ബാലൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
കോട്ടയം മണർകാട് പാലമുറി പാലത്തിന് സമീപം കാറുമായി ഒഴുക്കിൽപെട്ട് കാണാതായ ജസ്റ്റിൻ ജോയിയുടെ (26) മൃതദേഹം ഞായറാഴ്ച ഉച്ചയോടെ സമീപത്തെ പാടത്ത് നിന്ന് കണ്ടെത്തി. കാറിനുള്ളിൽ മരിച്ച നിലയിലായിരുന്നു യുവാവ്. നെടുമ്പാശേരി വിമാനത്താവളത്തിൽ ടാക്‌സി ഡ്രൈവറായ ജസ്റ്റിൻ മല്ലപ്പള്ളിയിൽ ഓട്ടം പോയി മടങ്ങുമ്പോഴായിരുന്നു ശനിയാഴ്ച രാത്രിയിൽ ഒഴുക്കിൽപെട്ടത്. എൻ.ഡി. ആർ. എഫ്, ഫയർഫോഴ്‌സ്, ഈരാറ്റുപേട്ടയിലെ സന്നദ്ധപ്രവർത്തകരുടെ കൂട്ടായ്മയായ നൻമക്കൂട്ടം എന്നിവർ സംയുക്തമായാണ് ഇവിടെ തിരച്ചിൽ നടത്തിയത്.
ഞായറാഴ്ച ഉച്ചയോടെ പമ്പ ഡാം തുറന്നു. റാന്നിയിലെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റി പാർപ്പിച്ചു. പമ്പാ നദിയിലെ ജലനിരപ്പ് ഉയരുന്നതും മണ്ണ് ഇടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ടും റാന്നി താലൂക്കിൽ എട്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 99 കുടുംബങ്ങളിലെ 288 പേരെയാണ് മാറ്റിപാർപ്പിച്ചത്. എൻഡിആർഎഫിന്റെ 22 അംഗ ടീം സജ്ജമായി റാന്നിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. രക്ഷാപ്രവർത്തനത്തിനായി കോന്നിയിൽ നിന്ന് എട്ടു കുട്ടവഞ്ചിയും തുഴച്ചിലുകാരും എത്തിയിട്ടുണ്ട്. കൊല്ലത്തുനിന്ന് മത്സ്യത്തൊഴിലാളികളും അവരുടെ അഞ്ച് ബോട്ടുകളും വിന്യസിച്ചിട്ടുണ്ട്. തിരുവല്ലയിൽ അഞ്ച് വള്ളങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
മൂന്നു ദിവസമായി പെയ്യുന്ന മഴയിൽ പത്തനംതിട്ടയിൽ 5.64 കോടി രൂപയുടെ കൃഷി നാശം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കാലവർഷത്തെ തുടർന്ന് വയനാട് ജില്ലയിലെ മൂന്ന് താലൂക്കുകളിലായി തുറന്ന 81 ദുരിതാശ്വാസ ക്യാമ്പുകളിൽ ഇപ്പോൾ 1247 കുടുംബങ്ങളിലെ 4288 പേർ കഴിയുന്നു. ഇവരിൽ 2098 പുരുഷന്മാരും 2190 സ്ത്രീകളുമാണ് (ആകെ 1039 കുട്ടികൾ). ക്യാമ്പുകളിൽ കഴിയുന്നവരിൽ ഒമ്പത് പേർ ഭിന്നശേഷിക്കാരും ഒമ്പത് ഗർഭിണികളും 324 പേർ മുതിർന്ന പൗരന്മാരുമാണ്. നിലമ്പൂർ-വയനാട് അതിർത്തി വനമേഖലയിലുള്ള മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിലെ പരപ്പൻപാറ കോളനിവാസികളെ ഉരുൾപൊട്ടൽ ഭീഷണിയെത്തുടർന്ന് മാറ്റിപ്പാർപ്പിച്ചു. കടാശ്ശേരി സൺറൈസ് വാലിയുടെ താഴ്ഭാഗത്തെ 12 കുടുംബങ്ങളിലെ 44 പേരെയാണ് കടാശ്ശേരി ആൾട്ടർനേറ്റീവ് സ്‌കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചത്. വനമേഖലയിലെ പുഴയോരത്ത് വർഷങ്ങളായി താമസിച്ച് വരുന്ന ചോലനായ്ക്ക വിഭാഗത്തിലെ പ്രോക്തന ഗോത്രവിഭാഗക്കാരാണിവർ. വയനാട് ജില്ലയിൽ 3.85 കോടി രൂപയുടെ കൃഷിനാശവും സംഭവിച്ചു.
കണ്ണൂർ ജില്ലയിലുള്ള മാക്കൂട്ടം -കൂട്ടുപുഴയിലെ കേരള- കർണാടക അതിർത്തി തുറന്നിട്ടുണ്ട്.
തൃശൂർ ജില്ലയിൽ 27 ദുരിതാശ്വാസ ക്യാമ്പുകളിലായി 126 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. 164 സ്ത്രീകൾ, 146 പുരുഷൻമാർ, 103 കുട്ടികൾ ഉൾപ്പെടെ ആകെ 413 പേരാണ് ക്യാമ്പുകളിൽ ഉള്ളത്. ജില്ലയിൽ മൂന്ന് ക്യാമ്പുകൾ കോവിഡ് പ്രോട്ടോക്കോൾ പ്രകാരമുള്ള ക്വാറൻൈറനിൽ ഉള്ളവരെ മാറ്റിപ്പാർപ്പിക്കാൻ സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ 29 പേർ ഇവിടെയുണ്ട്. കോവിഡ് ലക്ഷണമുള്ളവർ ക്യാമ്പുകളിലില്ല.
കേരള ഷോളയാറിലേക്ക് ജലമൊഴുക്കാനായി തുറന്ന തമിഴ്നാട് ഷോളയാർ ഡാം സ്പിൽവേ ഷട്ടറുകൾ ഞായറാഴ്ച രാവിലെ 7.15ഓടെ പൂർണമായി അടച്ചു. ജില്ലയിൽ കെ.എസ്.ഇ.ബിയുടെ കീഴിലെ പെരിങ്ങൽക്കുത്ത് ഡാമും ചെറുകിട ജലസേചന വകുപ്പിന് കീഴിലെ പൂമല ഡാമും തുറന്നിട്ടുണ്ട്. പെരിങ്ങൽകുത്തിൽ സ്ലൂയിസ് ഗേറ്റുകൾ വഴിയാണ് ചാലക്കുടി പുഴയിലേക്ക് ജലമൊഴുകുന്നത്. ക്രസ്റ്റ് ഗേറ്റുകൾ വഴി ജലമൊഴുക്കുന്നില്ല.
കനോലി കനാൽ നിറഞ്ഞതോടെ തീരദേശ മേഖലയിൽ വെള്ളക്കെട്ട് രൂക്ഷമായി. മഴയ്ക്ക് ശമനം ഉണ്ടായെങ്കിലും ഒഴുക്കില്ലാത്തതിനാൽ വെള്ളം കുറയാത്തത് ആശങ്ക കൂട്ടുന്നു. എടത്തിരുത്തി, കയ്പമംഗലം, പെരിഞ്ഞനം, എറിയാട്, എടവിലങ്ങ്, ശ്രീനാരായണ പുരം പഞ്ചായത്തുകളിലായി നിരവധി വീടുകളാണ് വെള്ളക്കെട്ടിലായത്. എടത്തിരുത്തി മുതൽ കാക്കാത്തിരുത്തി വരെയാണ് കനാൽ നിറഞ്ഞത്. ഇവിടെ നിന്നും ആളുകൾ നേരത്തെ തന്നെ സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് മാറിയിട്ടുണ്ട്. പലയിടങ്ങളിലും ശുദ്ധജല സ്രോതസുകളിൽ ഉപ്പുവെള്ളം കയറി.
വെള്ളം കയറിയതിനെ തുടർന്ന് തൃശൂരിലെ മനക്കൊടി – പുള്ള് – ശാസ്താംകടവ് റോഡ് അധികൃതർ അടച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെ തുടർന്നാണ് മനക്കൊടി പാടം റോഡിൽ വെള്ളം കയറിയത്.
വെള്ളത്തിന്റെ കുത്തൊഴുക്കുള്ളതിനാൽ വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാധ്യതയുള്ളതിനാൽ ഈ വഴിയിലൂടെ യാത്ര പോകരുതെന്ന് അധികൃതർ അറിയിച്ചു.
ശക്തമായ അടിയൊഴുക്ക് മൂലം കൊടുങ്ങല്ലൂരിൽ ആനയുടെ ജഡം പുഴയിലൂടെ ഒഴുകിയെത്തി. ഒരാഴ്ചയിൽ താഴെ പഴക്കമുള്ള ഏകദേശം 10 – 15 വയസ്സ് പ്രായം വരുന്ന കൊമ്പന്റെ ജഡമാണ് കാഞ്ഞിരപ്പുഴയിൽ ഒഴുകിയെത്തിയത്. വടംകെട്ടിയാണ് ജഡം കരക്കടുപ്പിച്ചത്. മലയാറ്റൂർ മഹാഗണി തോട്ടത്തിൽ നിന്ന് ശക്തമായ ഒഴുക്കിലാണ് ആന അപകടത്തിൽപെട്ടത്. കാലടിയിൽ വെച്ച് ആനയുടെ ജഡം ദൃശ്യമായതോടെ അവിടം മുതൽ വനംവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു.
പത്തനംതിട്ട ജില്ലയിൽ ആറ് താലൂക്കുകളിലായി ഇതുവരെ 103 ദുരിതാശ്വാസ ക്യാമ്പുകളിലായി 1015 കുടുംബങ്ങളിൽ നിന്ന് മൊത്തം 3342 പേരെ മാറ്റിപാർപ്പിച്ചു. തിൽ 1352 പുരുഷൻമാരും 1408 സ്ത്രീകളും 582 കുട്ടികളും ഉൾപ്പെടുന്നു. മാറ്റി പാർപ്പിച്ചതിൽ 17 ഗർഭിണികളുമുണ്ട്. കോവിഡ് 19 മുൻകരുതലിന്റെ ഭാഗമായി ഹോം ക്വാറന്റൈനിലുള്ള എട്ടു പേരെ പ്രത്യേക ക്യാമ്പിലേക്ക് മാറ്റി. മാറ്റി പാർപ്പിച്ചവരിൽ 60 വയസിന് മുകളിലുള്ള 348 പേരാണ് ഉള്ളത്.
ഇടുക്കി ജില്ലയിൽ നാല് താലൂക്കുകളിലായി ഇപ്പോൾ 18 ദുരിതാശ്വാസ ക്യാമ്പുകളാണ് ഉള്ളത്. 42 കുടുംബങ്ങളിൽ നിന്നായി 146 പേരെ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്.
കോട്ടയം ജില്ലയിൽ 209 ക്യാമ്പുകളിലായി 1747 കുടുംബങ്ങളിലെ 5311 പേരെ താമസിപ്പിച്ചിട്ടുണ്ട്. കോട്ടയത്ത് രണ്ട് വീടുകൾ പൂർണമായി തകർന്നിട്ടുണ്ട്. കോട്ടയം ജില്ലയിലെ സ്ഥിതിഗതികൾ മന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. കോട്ടയത്ത് എല്ലാവിധ ഖനനങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
കണ്ണൂർ ജില്ലയിൽ 1817 കുടുംബങ്ങളിലെ 8105 പേരെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. 20 വീടുകൾ പൂർണമായും 978 വീടുകൾ ഭാഗികമായും തകർന്നു. ആലപ്പുഴ ജില്ലയിൽ 69 ക്യാമ്പുകളിലായി 935 കുടുംബങ്ങളിലെ 3205 പേർ കഴിയുന്നു. പാലക്കാട് ജില്ലയിൽ 12 ക്യാമ്പുകളിൽ 116 കുടുംബങ്ങളിലെ 337 പേർ കഴിയുന്നുണ്ട്. ജില്ലയിൽ കഴിഞ്ഞദിവസത്തെ കാറ്റിലും മഴയിലും 32 വീടുകൾ ഭാഗികമായും ഏഴു വീടുകൾ പൂർണമായും തകർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 10.08 ഹെക്ടറിൽ കൃഷിനാശവും ഉണ്ടായി.
തിരുവനന്തപുരം ജില്ലയിൽ 37 വീടുകൾ പൂർണമായും 218 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 583 പേരെ മാറ്റിപാർപ്പിച്ചു. ഇതിൽ 317 പേർ വലിയതുറ ഗവ. യു. പി. എസിലാണ് കഴിയുന്നത്.
കൊല്ലം ജില്ലയിൽ നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 252 പേരാണ് കഴിയുന്നത്. 65 കുടുംബങ്ങളിലെ 130 പുരുഷൻമാരും 102 സ്ത്രീകളും 20 കുട്ടികളുമാണ് ക്യാമ്പുകളിൽ കഴിയുന്നത്. മഴക്കെടുതിയിൽ 8.5 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. 23 വീടുകൾ ഭാഗികമായി തകർന്നു. ആറ് കിണറുകൾക്കും നാശനഷ്ടമുണ്ടായി. എറണാകുളത്ത് 46 ക്യാമ്പുകളിലായി 1200 പേർ കഴിയുന്നു. ജില്ലയിൽ 2.10 കോടി രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്.
കോഴിക്കോട് ജില്ലയിൽ 37 ക്യാമ്പുകളിൽ 699 പേരെ മാറ്റി താമസിപ്പിച്ചു. നാല് താലൂക്കുകളിലായി 50 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കാസർകോട് ജില്ലയിൽ 942 കുടുംബങ്ങളെ അഞ്ച് ക്യാമ്പുകളിലും ബന്ധുവീടുകളിലുമായി മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.