ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി ഭാരതപ്പുഴയുടെ പോഷകനദിയായ ഗായത്രിപ്പുഴയെ സംരക്ഷിക്കുന്നതിന് ഉപനദീതട കണ്‍വെന്‍ഷന്‍ നടത്തി. ജില്ലാ പഞ്ചായത്ത് സമ്മേളനഹാളില്‍ നടന്ന ഗായത്രിപ്പുഴയുടെ തീരത്തുള്ള 23 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കണ്‍വെന്‍ഷന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ഓരോ ഗ്രാമപഞ്ചായത്തിലേയും ജലക്ഷാമം പരിഗണിച്ച് പൊതുകിണറുകള്‍, കുളങ്ങള്‍, തോടുകള്‍, കനാലുകള്‍ എന്നിവയുടെ നവീകരണത്തിന് ഊന്നല്‍ നല്‍കിയുള്ള പദ്ധതികള്‍ക്ക് അന്തിമ രൂപം നല്‍കാന്‍ യോഗം തീരുമാനിച്ചു. മഴക്കാലത്ത് പോലും നിരൊഴുക്ക് കുറയുന്ന നീര്‍ച്ചാലുകളും അപ്രതീക്ഷിതമായി വറ്റുന്ന ഭൂഗര്‍ഭ ജലസ്രോതസ്സുകളും വ്യാപകമായിക്കൊണ്ടിരിക്കുന്ന ജലമലിനീകരണവും നേരിടുന്നതിനുളള പദ്ധതികള്‍ ഭാരതപുഴ പുനരുജ്ജീവനപദ്ധതിയുടെ ഭാഗമായി രൂപപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദ്ദേശിച്ചു. പദ്ധതി മുന്നോട്ട് കൊണ്ട് പോകാന്‍ ഗായത്രിപ്പുഴ ഉപനദീതട പ്ലാനിന്റെ സംഭാവന വലുതായിരിക്കുമെന്ന് പരിപാടിയില്‍.അധ്യക്ഷനായ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി.കെ. നാരായണദാസ് പറഞ്ഞു. ‘ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയില്‍ ‘ഗായത്രിപ്പുഴ ഉപനദീതട പ്ലാനിന്റെ പങ്ക്’ വിഷയത്തില്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ വൈ. കല്ല്യാണകൃഷ്ണന്‍ ക്ലാസെടുത്തു. ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.