മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സുരക്ഷിതത്വം ലക്ഷ്യമാക്കി മത്സ്യഫെഡ് നടപ്പിലാക്കുന്ന വ്യക്തിഗത അപകട ഇന്‍ഷ്വറന്‍സ് പദ്ധതി ആനുകൂല്യം അഞ്ചു ലക്ഷം രൂപയില്‍ നിന്ന് 10 ലക്ഷം രൂപയായി ഉയര്‍ത്തി.
ഭരണസമിതി ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പദ്ധതി പ്രകാരം 376 രൂപ പ്രീമിയം അടയ്ക്കുന്നവര്‍ക്ക് അപകട മരണമോ അതുവഴി സ്ഥിരമായും പൂര്‍ണ്ണമായും ശാരീരിക ശേഷി നഷ്ടപ്പെടുകയോ കൈ, കാല്‍, കണ്ണ് എന്നിവ ഒന്നിച്ചോ ഓരോന്നായോ നഷ്ടപ്പെട്ടാല്‍ പൂര്‍ണ പരിരക്ഷയായ 10 ലക്ഷം രൂപ ലഭിക്കും. കൂടാതെ അംഗവൈകല്യ ശതമാനമനുസരിച്ച് പരമാവധി അഞ്ച് ലക്ഷം രൂപയും ആശുപത്രി ചിലവിനത്തില്‍ പരമാവധി ഒരു ലക്ഷം രൂപയും ലഭിക്കും.
മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളില്‍ മാര്‍ച്ച് 27 വരെ പ്രീമിയം അടയ്ക്കാം. 2018 ഏപ്രില്‍ ഒന്നു മുതല്‍ 2019 മാര്‍ച്ച് 31 വരെയാണ് പരിരക്ഷാ കാലയളവ്. വിശദ വിവരങ്ങള്‍ അതത് പ്രദേശത്തെ മത്സ്യഫെഡ് ക്ലസ്റ്റര്‍ ഓഫീസുകളിലും മത്സ്യഫെഡ് ജില്ലാ ഓഫീസിലും ലഭിക്കും. ഫോണ്‍: 0474-2772971, 9526041052, 9526041094, 9526041089.