2021 സീസണിൽ കൊപ്രയുടെയും പച്ചത്തേങ്ങയുടെയും താങ്ങുവില നിശ്ചയിക്കുന്നത് സംബന്ധിച്ച് ഉല്പാദനച്ചെലവിന്റെ അടസ്ഥാനത്തിൽ സംസ്ഥാന കാർഷിക വില നിർണ്ണയ ബോർഡ് വിശദമായ പഠനം നടത്തി റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ കൊപ്രയ്ക്കും പച്ചത്തേങ്ങയ്ക്കും താങ്ങുവില വർധിപ്പിക്കണമെന്ന് കേന്ദ്രസർക്കാരിനോട് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ ആവശ്യപ്പെട്ടു.

പഠനത്തിന്റെ അടിസ്ഥാനത്തിൽ മില്ലിംഗ് കൊപ്രയ്ക്ക് കിലോയ്ക്ക് 164.04 രൂപയും ബാൾ കൊപ്രയ്ക്ക് 176.94 രൂപയും പച്ചത്തേങ്ങയ്ക്ക് 44.55 രൂപയുമാണ് കണക്കാക്കിയിട്ടുള്ളത്. എന്നാൽ കേന്ദ്രസർക്കാർ ഈ വർഷം പ്രഖ്യാപിച്ചത് മില്ലിംഗ് കൊപ്രയ്ക്ക് 99.60 രൂപയും ബാൾ കൊപ്രയ്ക്ക് 103 രൂപയും മാത്രമാണ്. പച്ചത്തേങ്ങയ്ക്ക് വെറും 27 രൂപയാണ് കിലോയ്ക്ക് പ്രഖ്യാപിച്ചത്.

കേരളത്തിൽ കർഷകരുടെ ഉല്പാദനച്ചെലവ് കണക്കാക്കിയാൽ ഇത് വളരെ അപര്യാപ്തമാണെന്ന് മന്ത്രി അറിയിച്ചു. കൂടാതെ ഇന്ത്യയിൽ ഒരു താങ്ങുവില പ്രഖ്യാപിക്കുന്നതിന് പകരം ഓരോ സംസ്ഥാനങ്ങളുടെയും ഉല്പാദനച്ചെലവ് കണക്കാക്കി സംസ്ഥാനാടിസ്ഥാനത്തിൽ താങ്ങുവില പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. വിശദമായ റിപ്പോർട്ട് സർക്കാരിന് കൃഷി വകുപ്പ് നൽകിയിട്ടുണ്ട്.