തൃശ്ശൂർ: രാജ്യത്തിന്റെ ബഹുസ്വരതയും ജനാധിപത്യ മതനിരപേക്ഷമൂല്യങ്ങളും ഉയർത്തിപ്പിടിക്കുക എന്നതാണ് രാജ്യത്തെ ഓരോ പൗരന്റേയും കടമയെന്നും സ്വാതന്ത്ര്യസമരമൂല്യങ്ങൾ സാംശീകരിക്കാൻ കഴിഞ്ഞതിനാലാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമാതൃകയാവാൻ ഇന്ത്യയ്ക്ക് കഴിഞ്ഞതെന്നും ജില്ലാ കളക്ടർ എസ് ഷാനവാസ് പറഞ്ഞു. 74-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന പരേഡിൽ തൃശൂർ തേക്കിൻകാട് മൈതാനത്ത് പതാക ഉയർത്തിയതിന് ശേഷം സ്വാതന്ത്ര്യദിന സന്ദേശത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് 19 സമൂഹവ്യാപന സാധ്യതകളുടെ പശ്ചാത്തലത്തിൽ പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ടായിരുന്നു ഇത്തവണ ജില്ലയിലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ. ജില്ലയുടെ ചുമതലയുണ്ടായിരുന്ന തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ നിരീക്ഷണത്തിലായ സാഹചര്യത്തിലാണ് ജില്ലാ കളക്ടർ എസ് ഷാനവാസ് സ്വാതന്ത്ര്യ ദിന പരേഡിൽ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചത്.

സ്വാതന്ത്ര്യസമരം മുന്നോട്ട് വച്ച മൂല്യങ്ങൾ സാംശീകരിച്ചതിനാലാണ് ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 73 ആണ്ടുകൾ പിന്നിടുമ്പോഴും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മാതൃകയായി നിലനിൽക്കാൻ ഇന്ത്യയ്ക്ക് കഴിയുന്നത്. ഇന്ത്യക്കൊപ്പം സ്വാതന്ത്ര്യത്തിലേക്ക് പിറന്ന വീണ പലരാജ്യങ്ങളും സൈനിക ആധിപത്യത്തിലേക്കോ ശിഥിലീകരണത്തിലേക്കോ പോയപ്പോഴും ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നേറാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. ജില്ലാ കളക്ടർ എസ് ഷാനവാസ് പറഞ്ഞു.

വൈവിധ്യങ്ങളാൽ സമ്പന്നമായ ഇന്ത്യാ രാജ്യത്തിന് മുന്നോട്ട് പോകാൻ അവസരമൊരുക്കിയത് ഭരണഘടനയാണ്. വ്യക്തിയുടെ മൗലികാവകാശങ്ങൾ, അരിക് വൽക്കരിക്കപെടുന്നവരുടെ അവകാശപ്രഖ്യാപനങ്ങൾ, മതനിരപേക്ഷത, ജനാധിപത്യം എന്നീ സങ്കൽപനങ്ങൾ തുടങ്ങിയവയാണ് നമ്മുടെ ഭരണഘടന മുന്നോട്ടുവെയ്കുന്നത്. പാർശ്വവൽകരിക്കപ്പെട്ടവരെ പോലും മുഖ്യധാരയോട് ചേർത്തു നിർത്തുന്ന ഉൾക്കൊളളലിന്റെ തത്വശാസ്ത്രമാണ് ഭരണഘടന പ്രവർത്തികമാക്കുന്നത്. നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങൾ വെല്ലുവിളി നേരിടുന്ന ഒട്ടേറെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ബഹുസ്വരതയും പരമാധികാരവും സംരക്ഷിക്കുന്നത് നാമേവരും അണിനിരക്കണം. ജില്ലാ കളക്ടർ പറഞ്ഞു.

ഏതെങ്കിലും ഒരു രാജ്യത്തു നിന്നോ സമൂഹത്തിൽ നിന്നോ പകർത്തേണ്ട ഒന്നല്ല ജനാധിപത്യം; മറിച്ച് ഓരോ ജനതയും നേടിയെടുക്കേണ്ട ഒരു സംസ്‌കാരമാണത്. സ്വതന്ത്ര ഇന്ത്യയുടെ ഏഴു പതിറ്റാണ്ടുകൾ ഒട്ടേറെ വെല്ലുവിളികൾ നേരിട്ടാണ് നാം താണ്ടിയത്. നമ്മുടെ രാജ്യത്തിനെതിരെയുള്ള ഓരോ കടന്നുകയറ്റങ്ങളെയും വിജയകരമായി പ്രതിരോധിക്കുന്നതിന് നമുക്ക് കഴിഞ്ഞിട്ടുണ്ട് .

സമീപകാലത്തെ പ്രളയങ്ങളും ഇപ്പോഴിതാ കോവിടും വലിയ വെല്ലുവിളികളാണ് ഉയർത്തുന്നത്. പുതിയ കാലത്തെ പുതിയ വെല്ലുവിളികളെ തികഞ്ഞ സാമൂഹിക ഒത്തിണക്കത്തോടെ നേരിടുവാൻ നമുക്ക് കഴിയുന്നുണ്ട്. കോവിഡ് ആയാലും പ്രളയമായാലും നമുക്ക് അതിജീവിച്ചേ പറ്റൂ. ഒരുതരത്തിലുള്ള വൈജാത്യവും അതിൽ നിന്ന് നമ്മെ പിന്തിരിപ്പിക്കുന്നില്ല എന്ന് കഴിഞ്ഞു പോയ ദിവസങ്ങളും മാസങ്ങളും വർഷങ്ങളും ബോധ്യപ്പെടുത്തുന്നു.

ഇങ്ങനെ ഒരു മനസോടെ പൊരുതുന്ന ഭാരതീയനെ ലക്ഷ്യം വച്ച് ഏത് ശത്രു ആയുധ മുന കൂർപ്പിച്ചാലും നാം തളരില്ല. നമ്മുടെ നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ചവരെയും ത്യാഗമനുഷിച്ചവരെയും, കോവിഡിനെതിരെ പൊരുതുന്ന ആരോഗ്യപ്രവർത്തകരെയും, സന്നദ്ധ പ്രവർത്തകരെയും ഈ ഘട്ടത്തിൽ നമുക്ക് നന്ദിയോടെ ഓർക്കാം . നമ്മുടെ സ്വാതന്ത്ര്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിനായി അതിർത്തിയിൽ ആത്മാർപ്പണം നടത്തുന്ന നമ്മുടെ വീരസൈനികരെ ആദരവോടെ സ്മരിക്കാം.

അവരുടെ ത്യാഗവും ബലിയും നിഷ്ഫലമാവില്ല എന്ന് നമുക്ക് ഉറപ്പാക്കാനായി സ്വാതന്ത്ര്യത്തിന്റെ അർധരാത്രിയിൽ ഇന്ത്യ മനസിൽ കുറിച്ച ആ ജനാധിപത്യബോധവും നിശ്ചയദാർഢ്യവും നമുക്ക് കാത്തു സൂക്ഷിക്കേണ്ടതുണ്ടെന്നും ജില്ലാ കളക്ടർ എസ് ഷാനവാസ് സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു.
ജില്ലാ റിസർവ്വ് പോലീസ് ബറ്റാലിയനിലെ ഇൻസ്‌പെക്ടർ കെ വിനോദ്കുമാറിന്റെ നേതൃത്വത്തിൽ 3 പ്ലാറ്റുണൂകൾ മാത്രമാണ് പരേഡിൽ പങ്കെടുത്തത്.

സബ് ഇൻസ്‌പെക്ടർമാരായ എ രാജൻ, ഇ ആർ ബൈജു, പി വി സിന്ധു എന്നിവരായിരുന്നു പ്ലാറ്റൂണുകളെ നയിച്ചത് ജില്ലയിലെ സ്‌കൂളുകളിലെ സംഗീത അദ്ധ്യാപികമാർ ആലപിച്ച ദേശഭക്തിഗാനത്തോടെയാണ് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ തുടങ്ങിയത്. തുടർന്ന് 9 മണിയോടെ ജില്ലാ കളക്ടർ എസ് ഷാനവാസ് പരേഡിനെ അഭിവാദ്യം ചെയ്ത് പതാക ഉയർത്തി. സിറ്റി പോലീസ് കമ്മീഷണർ ആർ ആദിത്യ, റൂറൽ ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ്, സബ് കളക്ടർ അഫ്‌സാന പർവീൺ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് സംഗീത അദ്ധ്യാപികമാരുടെ സ്വാതന്ത്ര്യഗാനത്തോടെ സ്വാതന്ത്ര്യദിനാഘോഷത്തിന് സമാപനമായി.