കാര്‍ഷിക സംസ്‌ക്കാരത്തിന്റെ മുഖമുദ്രയായ കൃഷിയിലൂടെ ഓരോ കുടുംബത്തിന്റേയും ജീവനോപാധി വര്‍ധിപ്പിക്കുന്നതിനും സുസ്ഥിരമായ വരുമാനം ഉറപ്പുവരുത്തുന്നതിനും കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളിലൂടെ ലക്ഷ്യമിടുന്നു. പത്തനംതിട്ട ജില്ലയില്‍ നിലവില്‍ 3746 സംഘകൃഷി ഗ്രൂപ്പുകളിലായി 12748 അംഗങ്ങള്‍ കാര്‍ഷികവൃത്തിയിലേര്‍പ്പെടുന്നുണ്ട്.
കാലഘട്ടത്തിന്റെ മാറ്റത്തിനുസരിച്ച് പരമ്പരാഗത കാര്‍ഷികവിളകള്‍ക്കു പുറമേ കേരളത്തില്‍ അത്രകണ്ട് പരിചയമില്ലാത്ത നൂതന വിളകളായ ക്യാരറ്റ്, ബീറ്റ്റൂട്ട്, അമരപ്പയര്‍, റാഡിഷ്, ബീന്‍സ് തുടങ്ങിയവ വ്യവസായിക അടിസ്ഥാനത്തില്‍ സംഘകൃഷി ഗ്രൂപ്പുകള്‍ മുഖേന കൃഷിചെയ്യുന്നതിനു പത്തനംതിട്ട ജില്ലാകുടുംബശ്രീ മിഷന്‍ തുടക്കംകുറിച്ചു.
ഇലന്തൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ നന്മ &കൃപ സംഘകൃഷി ഗ്രൂപ്പുകളുടെ കൃഷിയിടത്തില്‍ ക്യാരറ്റ്, ബീറ്റ്റൂട്ട്, റാഡിഷ്, ബീന്‍സ് എന്നിവയുടെ വിത്തുകള്‍ പാകി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി പദ്ധതി ഉദ്ഘാടനം ചെയ്തു.
ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.മുകുന്ദന്‍, വൈസ് പ്രസിഡന്റ് മിനിജോണ്‍ ,മുന്‍ വൈസ് പ്രസിഡന്റ് ഷിജി ആനി ജോര്‍ജ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഗിരിജ വിജയന്‍, കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ മണികണ്ഠന്‍.,അസ്സി. ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍  കെ.എച്ച് സലീന, ഫാം ലൈവലിഹുഡ് ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ഋഷിസുരേഷ് ,സി.ഡി.എസ്. വൈസ് ചെയര്‍പേഴ്സണ്‍ ശ്യാമള വിജയന്‍ സി.ഡി.എസ് ്അക്കൗണ്ടന്റ് സിഞ്ചു ദിനേഷ്എന്നിവര്‍ പ്രസംഗിച്ചു. കൃപ,നന്മ സംഘകൃഷി ഗ്രൂപ്പംഗങ്ങള്‍, സി,ഡി.എസ് മെമ്പര്‍ എന്നിവര്‍ പങ്കെടുത്തു.
ഏറ്റവും നല്ല രീതിയില്‍ കൃഷിചെയ്തുവരുന്നതും 2018-19 വര്‍ഷങ്ങളില്‍ പ്രളയവും മറ്റു പ്രകൃതിദുരന്തങ്ങളും മുഖേന കൃഷി നഷ്ടപ്പെട്ടുപോയ ജെ.എല്‍.ജി ഗ്രൂപ്പുകള്‍ക്ക് സര്‍ക്കാര്‍ കുടുംബശ്രീ ജില്ലാമിഷന്‍ മുഖേന നല്‍കിയ 20000 രൂപയുടെ ധനസഹായം ലഭിച്ച ഗ്രൂപ്പുകളിലൂടെയാണു നൂതന വിളകളുടെ കൃഷി നടപ്പിലാക്കുന്നത്.
കാര്‍ഷികമേഖലയിലെ പ്രളയ ധനസഹായമായി 1,58,80,000 രൂപയാണു സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ ജില്ലാമിഷന്‍ മുഖേന ജില്ലയിലെ വിവിധ സംഘകൃഷി ഗ്രൂപ്പുകള്‍ക്ക് നല്‍കിയത്. നൂതന കൃഷിചെയ്യുന്നതിനു വേണ്ടിയുള്ള പരിശീലനങ്ങളും കുടുംബശ്രീ ജില്ലാമിഷന്‍ മുഖേന സംഘകൃഷി ഗ്രൂപ്പുകള്‍ക്ക് നല്‍കി.