ചെമ്പേരി, വെളിയമ്പ്ര സബ് സ്റ്റേഷനുകള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു
പ്രസരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി 10000 കോടി രൂപ മുതല്‍മുടക്കുള്ള ട്രാന്‍സ് ഗ്രിഡ് പദ്ധതിയാണ് സംസ്ഥാനത്ത് നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ 13 സബ് സ്റ്റേഷനുകളുടെ ഉദ്ഘാടനവും തലശേരി 220 കെ വി സബ് സ്റ്റേഷന്റെ ശിലാസ്ഥാപനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ട്രാന്‍സ് ഗ്രിഡ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ പ്രസരണ നട്ടെല്ലായ 220 കെ വി ലൈന്‍ 400 കെവി ലൈന്‍ ആയി മാറുകയാണ്. ഈ സര്‍ക്കാറിന്റെ കാലയളവില്‍ സംസ്ഥാനത്ത് പ്രസരണ മേഖലയില്‍ 57 സബ് സ്റ്റേഷനുകള്‍ ചിലത് അപ്‌ഗ്രേഡ് ചെയ്തു, 1041 സര്‍ക്യൂട്ട് കിലോമീറ്റര്‍ പ്രസരണലൈനുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ കഴിഞ്ഞു. മാത്രമല്ല 27 സബ് സ്റ്റേഷനുകള്‍, 710 സര്‍ക്യൂട്ട് കിലോമീറ്റര്‍ പ്രസരണ ലൈനുകള്‍ എന്നിവ പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തനം ദ്രുതഗതിയില്‍ നടന്നുവരികയാണ്. അഞ്ച് 220 കെ വി സബ് സ്റ്റേഷനുകള്‍, പതിമൂന്ന് 110 കെവി സബ് സ്റ്റേഷനുകള്‍ എന്നിവ 2021 മാര്‍ച്ചിനകം പൂര്‍ത്തീകരിക്കും. ഇതിലൂടെ എല്ലായിടത്തും തടസമില്ലാതെ വൈദ്യുതി ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെ എസ് ഇ ബിയുടെ ഏറ്റവും പ്രധാനപ്പെട്ട ജീവനാടികളുടെ കേന്ദ്രമാണ് സബ് സ്റ്റേഷനുകള്‍. ഇവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതോടെ വലിയ മെച്ചം പ്രസരണ രംഗത്തുണ്ടാകുമെന്നാണ് കാണേണ്ടത്, പ്രത്യേകിച്ച് വിതരണ രംഗത്ത്. നല്ല രീതിയിലുള്ള ക്വാളിറ്റി പവര്‍ വൈദ്യുതി ബോര്‍ഡിന് നല്‍കാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. സമ്പൂര്‍ണ വൈദ്യുതീകരണം അക്ഷരാര്‍ഥത്തില്‍ നടപ്പാക്കാന്‍ നമുക്ക് കഴിഞ്ഞു. മികച്ച പ്രവര്‍ത്തനത്തിലൂടെ നല്ല രീതിയിലുള്ള അംഗീകാരം ജനങ്ങളില്‍ നിന്നും കെ എസ് ഇ ബിക്ക് ലഭിച്ചിട്ടുണ്ട്. മഹാദുരന്തങ്ങളും പ്രളയങ്ങളും നേരിടേണ്ടി വന്നപ്പോഴും സ്തുത്യര്‍ഹമായ രീതിയിലാണ് വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. എത്ര അഭിനന്ദിച്ചാലും മതിയാകാത്ത പ്രവര്‍ത്തനങ്ങളാണ് കെ എസ് ഇ ബി കാഴ്ചവച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വൈദ്യുതിയുടെ ഉല്‍പ്പാദന കാര്യത്തില്‍ നല്ല രീതിയില്‍ ശ്രദ്ധിക്കാനും കെ എസ് ഇ ബിക്ക് കഴിഞ്ഞു. സൗരോര്‍ജ പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്ന കാര്യത്തില്‍ നല്ല ഇടപെടല്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. ഇവയുടെ വേഗത വര്‍ധിപ്പിക്കാന്‍ സാധിക്കണം. ഒട്ടേറെ പദ്ധതികള്‍ അതിന്റെ ഭാഗമായി ഇപ്പോള്‍ രൂപം കൊണ്ടിട്ടുണ്ട്, ഇനി രൂപം കൊള്ളാനുണ്ട്. അതില്‍ പ്രധാനപ്പെട്ടത് നമ്മുടെ വീടും കെട്ടിടങ്ങളും വൈദ്യുതി ഉല്‍പ്പാദന കേന്ദ്രങ്ങളായി മാറും എന്നതാണ്. ഇത് കൂടുതല്‍ വേഗതയോടെ പൂര്‍ത്തീകരിക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പ്രതിരോധത്തില്‍ ഒരു തരത്തിലുള്ള അലംഭാവവും കാണിക്കാതെ നാടിന്റെ വികസന മേഖലയില്‍ പൂര്‍ത്തിയാക്കാനിരിക്കുന്ന ഒട്ടേറെ പദ്ധതികള്‍ സമയാധിഷ്ഠിതമായി പൂര്‍ത്തിയാക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. കൊവിഡിനെതിരെയുള്ള പോരാട്ടവും നാടിന്റെ വികസന പ്രവര്‍ത്തനങ്ങളും ഒരേ സമയം മുന്നോട്ട് പോകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന ചടങ്ങില്‍ വൈദ്യുത വകുപ്പ് മന്ത്രി എം എം മണി അധ്യക്ഷനായി. ചെമ്പേരി 110 കെ വി സബ് സ്റ്റേഷന്‍, വെളിയമ്പ്ര 33 കെ വി സബ് സ്റ്റേഷന്‍ എന്നിവയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. ജില്ലയുടെ കിഴക്കന്‍ മലയോര മേഖല നേരിടുന്ന വൈദ്യുതി പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകുന്ന പദ്ധതിയാണ് ചെമ്പേരി സബ് സ്റ്റേഷന്‍. 15 മാസം കൊണ്ടാണ് കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ചെമ്പേരി, പയ്യാവൂര്‍, ചന്ദനക്കാംപാറ, കുടിയാന്മല, നടുവില്‍ എന്നീ പ്രദേശങ്ങള്‍ക്കാണ് 12.5 എം വി എ ശേഷിയുള്ള രണ്ട് ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിച്ചിട്ടുള്ള ഈ സബ് സ്റ്റേഷന്റെ പ്രയോജനം ലഭിക്കുക. വാട്ടര്‍ അതോറിറ്റിയുടെ ജില്ലയിലെ പ്രധാന കുടിവെള്ള വിതരണ പദ്ധതിയായ വെളിയമ്പ്ര പമ്പിംഗ് സ്റ്റേഷനിലേക്ക് വൈദ്യുതിയെത്തിക്കുന്നതിനായി ഡിപ്പോസിറ്റ് വര്‍ക്ക് അടിസ്ഥാനത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പദ്ധതിയാണ് വെളിയമ്പ്ര 33 കെ വി സബ് സ്റ്റേഷന്‍. മട്ടന്നൂര്‍ – കുയിലൂര്‍ 33 കെ വി ഫീഡറില്‍ നിന്നും ഭൂഗര്‍ഭ കേമ്പിള്‍ വഴിയാണ് ഇവിടേക്ക് വൈദ്യുതിയെത്തിക്കുന്നത്. 5 എം വി എ ശേഷിയുള്ള രണ്ട് ട്രാന്‍സ്‌ഫോര്‍മറുകളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. പദ്ധതി നടപ്പാകുന്നതിലൂടെ പമ്പുഹൗസുകള്‍ക്ക് തടസ രഹിത വൈദ്യുതി ലഭ്യമാക്കാനും അതുവഴി കുടിവെള്ള വിതരണം സുഗമമാക്കാനും സാധിക്കും.
സംസ്ഥാനത്തിന്റെ ഭാവി വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിന് പര്യാപ്തമായ രീതിയില്‍ പ്രസരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാന സര്‍ക്കാരും കെ എസ് ഇ ബി യും സംയുക്തമായി ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്ന ട്രാന്‍സ് ഗ്രിഡ് പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയാണ് തലശേരി 220 കെ വി ഗ്യാസ് ഇന്‍സുലേറ്റഡ് സബ് സ്റ്റേഷന്റെ നിര്‍മ്മാണം. ഉത്തര മലബാര്‍ മേഖലയിലെ പ്രസരണ ശൃംഖലയുടെ സമഗ്ര വികസനത്തിനായി നിലവിലുള്ള ലൈനുകള്‍ നവീകരിച്ച് ശേഷി വര്‍ധിപ്പിക്കുന്നതിന്റെയും പുതിയ സബ് സ്റ്റേഷനുകള്‍ നിര്‍മ്മിക്കുന്നതിന്റെയും ഭാഗമായാണ് തലശേരിയില്‍ നിലവിലുള്ള 110 കെവി സബ് സ്റ്റേഷനോട് ചേര്‍ന്ന് അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് 220 കെ വി ഗ്യാസ് ഇന്‍സുലേറ്റഡ് സബ് സ്റ്റേഷന്‍ നിര്‍മ്മിക്കുന്നത്. കിഫ്ബിയുടെ സഹായത്തോടെ 66.64 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന സബ് സ്റ്റേഷന്റെ നിര്‍മ്മാണം 2021 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
എംഎല്‍എമാരായ എ എന്‍ ഷംസീര്‍, അഡ്വ. സണ്ണി ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എന്‍ എസ് പിള്ള, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി വസന്തകുമാരി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ജില്ലാ – ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പാങ്ങില്‍ പങ്കെടുത്തു