സംസ്ഥാനത്ത് മത്സ്യഫെഡും സഹകരണ ബാങ്കുകളും സംയുക്തമായി ആരംഭിക്കുന്ന ഫിഷ് മാർട്ടുകളുടെ ആദ്യഘട്ട പ്രവർത്തനം ആഗസ്റ്റ് 20 മുതൽ ആരംഭിക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഉച്ചയ്ക്ക് 12ന് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ഓൺലൈനായി നിർവഹിക്കും. സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും.
നേമം, കോവളം, വർക്കല, ഇരവിപുരം, അടൂർ, ചാലക്കുടി, എന്നിവിടങ്ങളിലാണ് മത്സ്യ വിപണന കേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങുന്നത്. തിരുമല സർവീസ് സഹകരണ ബാങ്ക്, കല്ലിയൂർ സഹകരണ ബാങ്ക്, ചെമ്മരുതി സഹകരണ ബാങ്ക്, പറക്കോട് സഹകരണ ബാങ്ക്, ചാലക്കുടി ടൗൺ മൾട്ടി പർപ്പസ് സഹകരണ സംഘം എന്നീ സ്ഥാപനങ്ങളാണ് ഫിഷ് മാർട്ടുകൾ ആരംഭിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി 140 നിയോജക മണ്ഡലങ്ങളിലും കുറഞ്ഞത് ഒരു ആധുനിക മത്സ്യ വിപണന കേന്ദ്രമെങ്കിലും ആരംഭിക്കുകയാണ് ലക്ഷ്യം. ഓൺലൈൻ ഉദ്ഘാടന ചടങ്ങിൽ അതത് മണ്ഡലങ്ങളിലെ എം എൽ എമാർ, മത്സ്യഫെഡ് ചെയർമാൻ പി പി ചിത്തരഞ്ജൻ, മാനേജിംഗ് ഡയറക്ടർ ലോറൻസ് ഹരോൾഡ്, സഹകരണ ബാങ്ക് ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.