എറണാകുളം: മരട് മാർക്കറ്റിലെ വ്യാപാരികൾക്ക് രണ്ട് മാസത്തെ വാടക ഒഴിവാക്കി നൽകാൻ ജില്ലാ കളക്ടർ എസ്.സുഹാസ് നിർദ്ദേശിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ ആയതിനാൽ കച്ചവടം കുറഞ്ഞത് വ്യാപാരികൾക്ക് സാമ്പത്തിക ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. മരട് കാർഷിക നഗര മൊത്തവ്യാപാര വിപണിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ഏപ്രിൽ, മെയ് മാസങ്ങളിലെ വാടകയാണ് ഒഴിവാക്കി നൽകിയത്. കൃഷി വകുപ്പിൻ്റെ കീഴിൽ മാർക്കറ്റിൻ്റെ അധീനതയിലുള്ള കടകൾക്കാണ് വാടക ഒഴിവാക്കി നൽകുന്നത്. മാർക്കറ്റിൽ ഇ ടോയ്ലറ്റ് സംവിധാനം വേഗത്തിൽ പൂർത്തിയാക്കണമെന്നും കളക്ടർ യോഗത്തിൽ നിർദ്ദേശിച്ചു. സുഭിക്ഷ കേരളം പദ്ധതി നടപ്പിലാക്കുന്നതിനു മരട് കൃഷി ഭവനു സ്ഥലം നൽകുന്നതിനും യോഗത്തിൽ തീരുമാനമായി. കുടുംബശ്രീ തൊഴിലാളികളുടെ ലോക്ക് ഡൗൺ കാലത്തെ വേതനം നൽകാനും യോഗം തീരുമാനിച്ചു.