എറണാകുളം: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊതുജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്നതിനായി ജില്ലയിലെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളും വ്യവസായ അസോസിയേഷനുകളും സംഭാവന ചെയ്ത അന്‍പതിനായിരം മാസ്‌കുകള്‍ ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ ബിജു പി. എബ്രഹാം ജില്ലാ കളക്ടര്‍ എസ്. സുഹാസിന് കൈമാറി. കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ (KSSIA – Ernakulam ), എഡിമിക്‌സ് (EDEMICS) , കിന്‍ഫ്ര അസോസിയേഷന്‍ നെല്ലാട് തുടങ്ങിയ അസോസിയേഷനുകളെ കൂടാതെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളായ വോള്‍വോ മെഡിനീഡ്‌സ്, പ്ലാന്റ് ലിപിഡ്‌സ് കടയിരുപ്പ്, മഹിള അപ്പാരല്‍സ്, കേരം ഓയില്‍ മില്‍ തുടങ്ങിയവരും പങ്കാളികളായി.

സംസ്ഥാനമൊട്ടാകെ പൊതുജനങ്ങള്‍ക്ക് 50 ലക്ഷം മാസ്‌കുകള്‍ നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് മാസ്‌കുകള്‍ സംഭാവന ചെയ്തത്.