മണര്‍കാട് പ്രദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ ലേയര്‍ ബ്രീഡര്‍ ഫാമും  ഹാച്ചറി സമുച്ചയവും   മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. ആര്‍.കെ. വി. വൈ പദ്ധതിയില്‍ 2.83 കോടി രൂപ വിനിയോഗിച്ചാണ് സമുച്ചയത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.

മൃഗ സംരക്ഷണ വകുപ്പില്‍ നിന്നും അനുവദിച്ച  89  ലക്ഷം രൂപ വിനിയോഗിച്ച് ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിക്കുന്ന ലേയര്‍ ഹൗസിന്റെ ശിലാസ്ഥാപനവും അദ്ദേഹം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ചടങ്ങില്‍ തുടക്കം കുറിച്ചു.

കോഴിയിറച്ചിയുടെയും  മുട്ടയുടെയും  ഉത്പാദനത്തില്‍ സ്വയം പര്യാപ്ത നേടുന്നതിനായുള്ള ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് മണര്‍കാട് കേന്ദ്രത്തിലെ പുതിയ വികസന പദ്ധതികള്‍. ഇനി ഇവിടെ ഒരു മാസം 70,000  കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചിറക്കാനാകും. നിലവില്‍ 35000 കുഞ്ഞുങ്ങളെയാണ് ഉല്പാദിപ്പിക്കുന്നത്.

കോഴിവളര്‍ത്തല്‍ കേന്ദ്രത്തിന് ചുറ്റും ഹരിത ബെല്‍റ്റ് നിര്‍മ്മിക്കുന്നതിനുള്ള വൃക്ഷതൈകള്‍ നടുന്നതിനും ചടങ്ങിനോടനുബന്ധിച്ച് തുടക്കം കുറിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, വൈസ് പ്രസിഡന്റ് ഡോ. ശോഭാ സലിമോന്‍, മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. സി. മധു,  അഡീഷണല്‍ ഡയറക്ടര്‍ (വിജിലന്‍സ് )ഡോ. കെ.എം.ദിലീപ്, ജില്ലാ പഞ്ചായത്ത്  സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷരായ ലിസമ്മ ബേബി, പെണ്ണമ്മ ജോസഫ്, അംഗം ജസിമോള്‍ മനോജ്, ജില്ലാ മൃഗ സംരക്ഷണ ഓഫിസര്‍  ഡോ. എസ്.എന്‍. ബിന്ദു,   ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ.ഒ.ടി. തങ്കച്ചന്‍,  ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. റെനി കെ. ഉമ്മന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. പി.കെ. മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.