കാക്കനാട്: വൈകല്യങ്ങളെ കരവിരുതിനാല്‍ അതിജീവിച്ചവര്‍ നിര്‍മിച്ച ഉത്പന്നങ്ങളുമായി കാക്കനാട് സിവില്‍സ്റ്റേഷനില്‍ ബഡ്‌സ്‌ഫെസ്റ്റ് സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ. സഫീറുളള ഉദ്ഘാടനം ചെയ്ത ബഡ്‌സ്‌ഫെസ്റ്റില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന 17 ബഡ്‌സ് സ്‌കൂളുകള്‍, 13 ബഡ്‌സ് റിഹാബിലിറ്റേഹന്‍ സെന്ററുകള്‍ എന്നിവയില്‍ നിന്നും വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമായി 125 പേര്‍ പങ്കെടുത്തു. കൃത്രിമ പൂക്കള്‍, വേസ്റ്റ്‌മെറ്റീരിയല്‍ കൊണ്ടുളള വസ്തുക്കള്‍, ഫിനോയില്‍, സോപ്പുപൊടി, ചിരട്ടയിലും മുളയിലും നൂലുകളിലും തീര്‍ത്ത കരകൗശലവസ്തുക്കള്‍, ബാഗുകള്‍ തുടങ്ങിയവ ബഡ്‌സ് ഫെസ്റ്റില്‍ പ്രദര്‍ശിപ്പിച്ച ഉത്പന്നങ്ങളില്‍പെടുന്നു. കളമശ്ശേരി രാജഗിരി കോളേജിലെ ബിഎസ്ഡബ്‌ള്യു വിദ്യാര്‍ത്ഥികളുമായി സഹകരിച്ചാണ് ബഡ്‌സ്‌ഫെസ്റ്റ് നടത്തിയത്. കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ ആര്‍ രാഗേഷ്, അസിസ്റ്റന്റ് ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ റ്റി എം റെജീന, കെ. വിജയം, ജില്ലാ പ്രോഗ്രാംമാനേജര്‍ കെ എം അനൂപ് എന്നിവര്‍ പങ്കെടുത്തു.
