കൊച്ചി: ഗാന്ധിനഗറിന് സമീപം പേരണ്ടൂര്‍ കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന പി ആന്റ് ടി കോളനി നിവാസികളെ പുനരധിവസിപ്പിക്കാന്‍ വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ) പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. നഗരപരിധിക്കുള്ളില്‍ ജി.സി.ഡി.എയുടെ കൈവശമുള്ള 35 സെന്റ് സ്ഥലത്ത് നടപ്പാക്കുന്ന പദ്ധതിയില്‍ കോളനിയില്‍ നിലവില്‍ താമസിക്കുന്ന 85 കുടുംബങ്ങള്‍ക്ക് പാര്‍പ്പിടസൗകര്യം ലഭിക്കുമെന്ന് ചെയര്‍മാന്‍ സി.എന്‍. മോഹനന്‍ അറിയിച്ചു.
ജി.സി.ഡി.എയുടെ ബജറ്റില്‍ പ്രഖ്യാപിച്ച ചേരിനിര്‍മാര്‍ജ്ജന പദ്ധതിയുടെ ഭാഗമാണ് പി ആന്റ് ടി കോളനി പുനരധിവാസം. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ നിന്നും പാര്‍പ്പിട നിര്‍മാണത്തിന് പകുതി തുക ലഭിക്കും. ബാക്കിത്തുക പദ്ധതിവിഹിതമായി അനുവദിക്കണമെന്ന ജി.സി.ഡി.എയുടെ അപേക്ഷയില്‍ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി. പദ്ധതി നിര്‍വഹണ ഏജന്‍സികളായ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തുല്യമായി ജി.സി.ഡി.എ കണക്കാക്കി പദ്ധതിത്തുക അനുവദിക്കണമെന്നാണ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നത്.
പി ആന്റ് ടി കോളനിയിലെ തികച്ചും പരിതാപകരമായ സ്ഥിതി മൂലം കൊച്ചി നഗരസഭയില്‍ 63-ാം ഡിവിഷനായ ഗാന്ധിനഗറിനെ വെളിയിട വിസര്‍ജ്ജന വിമുക്ത ഡിവിഷനായി പ്രഖ്യാപിക്കാനാകാത്ത സാഹചര്യമാണുള്ളതെന്ന് കൗണ്‍സിലര്‍ പൂര്‍ണിമ നാരായണന്‍ പറഞ്ഞു. കോളനിയിലെ വീടുകളില്‍ നിന്നുള്ള കക്കൂസ് മാലിന്യം നേരിട്ട് പേരണ്ടൂര്‍ കനാലിലേക്കാണൊഴുകുന്നത്. വേലിയേറ്റത്തിലും മഴക്കാലത്തും മാലിന്യം വീടുകളിലേക്ക് കയറുന്നു. കെ.എസ്.ആര്‍.ടി.സി സ്റ്റാന്റ്, റെയില്‍വെ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കരി ഓയില്‍ കലര്‍ന്ന വെള്ളവും മാലിന്യങ്ങളും പേരണ്ടൂര്‍ കനാല്‍ വഴി വീടുകളിലേക്ക് കയറുന്നതും പതിവാണ്.
നഗരത്തില്‍ പല തരത്തിലുള്ള ജോലി ചെയ്തു ജീവിക്കുന്ന കോളനി നിവാസികളെ മറ്റ് സ്ഥലങ്ങളില്‍ പുരനധിവസിപ്പിക്കുന്നത് അപ്രായോഗികമാണെന്നതിനാലാണ് നഗരപരിധിക്കുള്ളില്‍ ജി.സി.ഡി.എയുടെ സ്ഥലം തന്നെ ഇതിനായി പ്രയോജനപ്പെടുത്തുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞു. ഏഴ് കോടിയോളം വിപണി മൂല്യമുള്ള സ്ഥലമാണ് ഇതിനായി ജി.സി.ഡി.എ നല്‍കുന്നത്. ലൈഫ് പദ്ധതി പ്രകാരം ഓരോ കുടുംബത്തിനും 400 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പാര്‍പ്പിടം ലഭിക്കും.
പേരണ്ടൂര്‍ കനാലിന്റെ തോട് പുറമ്പോക്കിനും കനാലിനും പി ആന്റ് ടി ഗോഡൗണിന്റെ മതിലിനുമിടയിലായാണ് 85 കുടുംബങ്ങളിലായി 280 പേരോളം താമസിക്കുന്നത്. 2008ല്‍ കോര്‍പ്പറേഷന്‍ എതിര്‍കക്ഷിയായ കേസില്‍ ഈ കോളനി പൊളിച്ചു മാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എപ്പോള്‍ വേണമെങ്കിലും ഒഴിഞ്ഞുപോകാമെന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് കോളനി നിവാസികള്‍ ഇപ്പോള്‍ ഇവിടെ താമസിക്കുന്നത്.
