മൂന്നുമാസം മുമ്പ് തമിഴ്‌നാട് ജയലളിത മെഡിക്കല്‍ കോളേജില്‍ നിന്ന് തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി വിലയ്ക്ക് വാങ്ങിയ ചോരക്കുഞ്ഞിനെ സംസ്ഥാന ശിശുക്ഷേമ സമിതി ഏറ്റെടുത്തു. ശിശുക്ഷേമ സമിതിയുടെ ടോള്‍ ഫ്രീ നമ്പരായ തണല്‍ 1517ല്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ തണല്‍ പ്രവര്‍ത്തകര്‍ അന്വേഷണം നടത്തി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് റിപ്പോര്‍ട്ട് കൈമാറിയതിനെത്തുടര്‍ന്നാണ് കുഞ്ഞിനെ ഏറ്റെടുക്കാന്‍ കമ്മിറ്റി ഉത്തരവിട്ടത്.
ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥര്‍, തണല്‍ പ്രവര്‍ത്തകര്‍ എന്നിവര്‍ വലിയതുറ പോലീസിന്റെ സഹായത്തോടെയാണ് കുഞ്ഞിനെ ഏറ്റെടുത്തത്. അനധികൃത ദത്ത്, കുട്ടികളെ വാങ്ങല്‍-വില്‍ക്കല്‍, തട്ടിക്കൊണ്ടുപോകല്‍ എന്നിവയില്‍ ഏര്‍പ്പെടുത്തവരെ നിയമത്തിന് മുന്നില്‍ ഹാജരാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ. ദീപക് എസ്.പി ആവശ്യപ്പെട്ടു.