ജില്ലയില്‍ കോവിഡ് പരിശോധനാ പഠനത്തിനായി  ഐ.സി.എം.ആറി (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) ന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ഓഗസ്റ്റ് 24 ന് നടന്ന രണ്ടാംഘട്ട സാമ്പിള്‍ ശേഖരണം പൂര്‍ത്തിയായി. സാമ്പിള്‍ ശേഖരണത്തിന്റെ  ഭാഗമായി ടീമംഗങ്ങള്‍ ജില്ലാ കളക്ടര്‍ ഡി. ബാലമുരളിയുമായി കൂടിക്കാഴ്ച നടത്തി. ഐ.സി.എം.ആര്‍ ചെന്നൈ കേന്ദ്രത്തിലെ  ശാസ്ത്രജ്ഞന്‍മാരായ  ഡോ.വിമിത്  വില്‍സണ്‍,   ഡോ. വി.ജി വിനോദ് കുമാര്‍ എന്നിവരാണ് സാമ്പിള്‍ ശേഖരണവുമായി ബന്ധപ്പെട്ട്  ജില്ലാ കളക്ടറുമായി  വിവരങ്ങള്‍ പങ്കുവെച്ചത്. 22 അംഗങ്ങളടങ്ങിയ ടീമാണ്  ജില്ലയില്‍ എത്തിയത്.   ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത പോസിറ്റീവ് കേസുകളോ അല്ലെങ്കില്‍ നിലവില്‍ പോസിറ്റീവ് അല്ലെങ്കിലും വൈറസ് ബാധയുണ്ടായി ഭേദമായ ആളുകളോ ഉണ്ടെങ്കില്‍ കണ്ടെത്താനാകും. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധത്തിനായുള്ള സര്‍ക്കാറിന്റെ പദ്ധതി ആസൂത്രണങ്ങള്‍  മെച്ചപ്പെടുത്താനുമാകും.
 
സാമ്പിള്‍ ശേഖരണം നടത്തിയ  പ്രദേശങ്ങള്‍

ജില്ലയില്‍ മുന്‍പ് കോവിഡ് പരിശോധന നടത്തിയ 10 സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് രണ്ടാഘട്ടത്തിലും പഠനം നടത്തിയതെന്ന്  ഡി.എം.ഒ ഡോ. കെ.പി റീത്ത അറിയിച്ചു. കരിമ്പുഴ 2, ചാലിശ്ശേരി, അഗളി, മങ്കര, തെക്കേ ദേശം, കൊല്ലങ്കോട് 2, മേലാര്‍കോട് എന്നീ വില്ലേജുകള്‍,  ഒറ്റപ്പാലം നഗരസഭയിലെ   വാര്‍ഡ് 25,   പാലക്കാട് നഗരസഭയിലെ  വാര്‍ഡ് 31, ചിറ്റൂര്‍-തത്തമംഗലം നഗരസഭയിലെ പുതുനഗരം വാര്‍ഡ് 1 എന്നിവിടങ്ങളില്‍ നിന്നാണ് സാമ്പിളുകള്‍ ശേഖരിച്ചത്. 10 ടീമുകളായി തിരിഞ്ഞ്  തിരഞ്ഞെടുക്കപ്പെട്ട വില്ലേജുകളിലെ/വാര്‍ഡുകളിലെ  16 വീടുകളില്‍ നിന്നാണ് സാമ്പിളുകള്‍ എടുത്തത്. ഒരു പ്രദേശത്ത് നിന്നും  40 വീതം സാമ്പിളുകളാണ് ശേഖരിച്ചത്. ഒരു വീട്ടിലെ 10 വയസ്സിനു മുകളിലുള്ള മുഴുവന്‍ അംഗങ്ങളുടെയും സാമ്പിളുകളാണ് എടുത്തത്.  ജില്ലയില്‍ ഇത്തരത്തില്‍  400 സാമ്പിളുകളാണ് ശേഖരിച്ചത്.  മെഡിക്കല്‍ ഓഫീസര്‍മാരുടെയും ആശാ വര്‍ക്കര്‍മാരുടെയും സഹായത്തോടെയാണ് സാമ്പിള്‍ ശേഖരണം നടന്നത്. സാമ്പിള്‍ ശേഖരണം ഓഗസ്റ്റ് 24 ന പൂര്‍ത്തിയായെങ്കിലും  രണ്ടാഴ്ച കഴിഞ്ഞാവും  പരിശോധ ഫലം  അറിയുക.