എലവഞ്ചേരി മുതല്‍ പാലക്കാട് സിവില്‍ സ്റ്റേഷന്‍ വരെയാണ്  സര്‍വ്വീസ്

സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കായി കെ.എസ്.ആര്‍.ടി.സിയുടെ പാലക്കാട് യൂണിറ്റില്‍ നിന്നുള്ള മൂന്നാമത് ബോണ്ട് ( ബസ് ഓണ്‍ ഡിമാന്റ് ) സര്‍വ്വീസിന് തുടക്കമായി. എലവഞ്ചേരി മുതല്‍ പാലക്കാട് സിവില്‍ സ്റ്റേഷന്‍ വരെയാണ്  കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് നടത്തുക. എലവഞ്ചേരി  കരിങ്കുളം ജംഗ്ഷനില്‍ നടന്ന പരിപാടിയില്‍ കെ. ബാബു എം.എല്‍.എ പച്ചക്കൊടിവീശി സര്‍വ്വീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കോവിഡ് രോഗപ്രതിസന്ധി നിലനില്‍ക്കുമ്പോളും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നിര്‍വഹിക്കുന്ന ജീവനക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരത്തിലുള്ള പൊതുയാത്ര സംവിധാനം  ഒരുക്കിയിട്ടുള്ളതെന്ന് കെ. ബാബു എം.എല്‍.എ പറഞ്ഞു. ജീവനക്കാര്‍ ഇത് പരമാവധി പ്രയോജനപ്പെടുത്തണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. പരിപാടിയില്‍ എലവഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്  സുധ രവീന്ദ്രന്‍, കെ.എസ്.ആര്‍ ടി. സി കോഴിക്കോട് സോണല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍  സി.വി.രാജേന്ദ്രന്‍, പാലക്കാട് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍  ടി. എ. ഉബൈദ് , ജനറല്‍ കോണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ വി. സഞ്ജീവ് കുമാര്‍, ബോണ്ട് സര്‍വീസ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍  പി. എസ്. മഹേഷ് എന്നിവര്‍ പങ്കെടുത്തു.