കോവിഡ് 19 വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി പാലക്കാട് നഗരത്തിലെ പ്രധാന ടെക്സ്റ്റൈൽ സ്ഥാപനങ്ങളിൽ ശാരീരിക അകലം പാലിക്കുന്നത് സംബന്ധിച്ച് പരിശോധന നടത്തി. നഗരത്തിലെ ആറു സ്ഥാപനങ്ങളിലാണ് അസിസ്റ്റന്റ് കലക്ടറും സോഷ്യൽ ഡിസ്റ്റൻസ് ജില്ലാ കോഡിനേറ്ററുമായ ഡി. ധർമ്മലശ്രീ, അഗ്നിശമനസേന ജില്ലാ മേധാവിയും അസിസ്റ്റന്റ് കോഡിനേറ്ററുമായ അരുൺ ഭാസ്കർ എന്നിവർ ചേർന്ന് പരിശോധന നടത്തിയത്.
കൗണ്ടറുകൾ, ബിൽ, ഡെലിവറി വിഭാഗങ്ങളിൽ ആളുകളുടെ കൂട്ടംകൂടിയുള്ള നിൽപ്പ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇത് തടയുന്നതിനും കൃത്യമായ ശാരീരിക അകലം നിഷ്കർഷിക്കാനും ഷോപ്പ് ഉടമകൾക്ക് കർശന നിർദ്ദേശം നൽകി. അകത്ത് പ്രവേശിക്കുന്നതിനും പുറത്തു പോകുന്നതിനുമായി പ്രത്യേകം വഴികൾ, സ്റ്റെയർകെയ്സ് എന്നിവ സജ്ജീകരിക്കാനും നിർദ്ദേശം നൽകി. ഷോപ്പിൽ എത്തുന്നവർ തമ്മിൽ 6 അടി അകലം, കൗണ്ടറുകൾക്ക് മുന്നിലെ തിരക്ക്, അകത്തേക്കും പുറത്തേക്കും കടക്കുന്നതിനുള്ള പ്രത്യേക വഴികൾ എന്നിവ സജ്ജമാക്കിയെന്ന് ഉറപ്പുവരുത്താൻ വരും ദിവസങ്ങളിലും പരിശോധന ഊർജ്ജിതമാക്കുമെന്ന് അസിസ്റ്റന്റ് കലക്ടർ, ജില്ലാ ഫയർ ഓഫീസർ എന്നിവർ അറിയിച്ചു.