കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന പുൽപ്പള്ളി പഞ്ചായത്തിലെ പാളക്കൊല്ലി കോളനിയിൽ നിന്നും മാറ്റിപാർപ്പിച്ച കുടുംബങ്ങൾക്കായി പുൽപ്പള്ളി പഞ്ചായത്തിലെ മരകാവിൽ പട്ടിക വർഗ വികസന വകുപ്പിന്റെ പുനരധിവാസ പദ്ധതി പ്രകാരം നിർമ്മാണം പൂർത്തികരിച്ച വീടുകളുടെ താക്കോൽ ദാനം ഓൺലൈൻ ഉദ്ഘാടനം പട്ടികജാതി പട്ടികവർഗ- പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ. കെ. ബാലൻ നിർവഹിച്ചു. ഐ. സി. ബാലകൃഷ്ണൻ എം എൽ എ അധ്യക്ഷനായി.

ശിലാഫലകം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാർ അനാച്ഛാദനം ചെയ്തു. താക്കോൽ ഏറ്റുവാങ്ങിയത് പാളകൊല്ലി കോളനിയിലെ ശാന്ത ചന്ദ്രൻ.ചടങ്ങിൽ ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ള, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ, പുൽപള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, ബത്തേരി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസർ സി ഇസ്മായിൽ തുടങ്ങിയവർ പങ്കെടുത്തു.

പ്രളയക്കെടുതി മൂലം വർഷങ്ങളായി ദുരിതമനുഭവിക്കുന്ന പാളക്കൊല്ലി കോളനിക്കാർക്ക് വേണ്ടി പട്ടികവർഗ വകുപ്പ് മരകാവിൽ വിലകൊടുത്ത് വാങ്ങിച്ച 4.75 ഏക്കർ ഭൂമിയിലാണ് വീടുകൾ നിർമ്മിച്ചത്. 54 വീടുകളിൽ 26 എണ്ണത്തിന്റെ പണി മുഴുവനായി പൂർത്തിയായിട്ടുണ്ട്. ഒരു വീടിന് 6 ലക്ഷം രൂപ ചെലവിൽ 3.24 കോടി രൂപയുടെ ഭവന സമുച്ചയമാണ് ഒരുങ്ങിയിട്ടുള്ളത്.
ഭൂമി വാങ്ങുന്നതിന് 1.44 കോടി രൂപ ചെലവഴിച്ചു. 485 സ്‌ക്വയർഫീറ്റിൽ ആണ് വീടുകൾ നിർമിച്ചിരിക്കുന്നത്.

വയനാട് ജില്ലാ നിർമ്മിതി കേന്ദ്രമാണ് പ്രവൃത്തികൾ ഏറ്റെടുത്ത് സമയ ബന്ധിതമായി പൂർത്തീകരിച്ചത്. സ്ഥലത്തെ റോഡ് നിർമ്മാണവും ചെരിഞ്ഞ സ്ഥലമായതിനാൽ വീടുകളുടെ തറകൾ നിരപ്പാക്കിയതും പ്രത്യേക ഫണ്ട് വകയിരുത്താതെയാണ്. രണ്ട് കിടപ്പ് മുറികളും വിശാലമായ ഹാളും അടുക്കളയും ടോയ്‌ലറ്റും ഉൾപ്പെടുന്ന കെട്ടിടത്തിന്റെ നിലം ഉയർന്ന നിലവാരമുള്ള വിട്രിഫൈഡ് ടൈലുകൾ ഉപയോഗിച്ചാണ് നിർമ്മിച്ചത്. കൂടാതെ വൈദ്യുതീകരണം, പ്ലംബിംഗ്, പെയിന്റിങ, ജനൽ-വാതിലുകളുടെ വർക്കുകൾ തുടങ്ങിയ എല്ലാ പ്രവൃത്തികളും പൂർത്തീകരിച്ചു. ഗുണഭോക്താൾക്ക് 10 സെന്റ് വീതം ഭൂമിയും നൽകി.

മോഡൽ വില്ലേജ് എന്ന മാതൃകയിലാണ് രൂപകല്പന ചെയ്തിട്ടുള്ളതെന്ന് ജില്ലാ നിർമിതി കേന്ദ്രം പ്രൊജക്റ്റ് ഡയറക്ടർ ഒ. കെ. സജിത്ത് പറഞ്ഞു. ഇവിടെയുള്ള 54 കുടുംബങ്ങൾക്ക് കുടിവെള്ള പദ്ധതിക്കായി 37 ലക്ഷം രൂപ വാട്ടർ അതോറിറ്റിക്ക് നൽകിയിട്ടുണ്ട്.