തുടർച്ചയായ അവധി ദിവസങ്ങളുടെ മറവിൽ നടത്തുന്ന അനധികൃത നെൽവയൽ, തണ്ണീർത്തടം നികത്തൽ, മണ്ണെടുപ്പ് തുടങ്ങിയ പ്രവൃത്തികൾ തടയുന്നത് സംബന്ധിച്ച് റവന്യൂ വകുപ്പ് മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു.
ജില്ലാ തലത്തിൽ ഡെപ്യൂട്ടി കളക്ടറുടെ മേൽനോട്ടത്തിൽ ജില്ലാതല സ്‌ക്വാഡുകൾ രൂപീകരിക്കണം. ഇത്തരം പ്രവൃത്തികൾ നടക്കാൻ കൂടുതൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താലൂക്ക്, വില്ലേജ് തലങ്ങളിൽ പ്രത്യേക സ്‌ക്വാഡുകളും രൂപീകരിക്കണം. ഇതുമായി ബന്ധപ്പെട്ട് 24 മണിക്കൂർ പ്രവൃത്തിക്കുന്ന കൺട്രോൾ റൂം തുറന്ന് കൺട്രോൾ റൂം  ഫോൺ നമ്പർ ജനങ്ങളെ അറിയിക്കണം.
മണ്ണെടുപ്പ് നടക്കുകയാണെങ്കിൽ അത് നിയമപരമായ മുൻകൂർ അനുമതിയോടു കൂടിയാണെന്ന് അധികൃതർ ഉറപ്പു വരുത്തണം. അല്ലാത്തപക്ഷം കർശന നടപടി സ്വീകരിക്കണമെന്നും റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ സർക്കുലറിൽ പറയുന്നു.