കരാട്ടെ നല്‍കിയ ആത്മവിശ്വാസത്തിന്റെ കരുത്തുമായി അവര്‍ ഇന്ന് (മാര്‍ച്ച് എട്ട്) കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഒത്തുകൂടും. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളെ സ്വയം പ്രതിരോധിക്കാനും ആത്മവിശ്വാസം വളര്‍ത്തുന്നതിനുമായി ജില്ലാ പഞ്ചായത്ത് സ്‌കൂളുകളില്‍ ആരംഭിച്ച കരാട്ടെ പരിശീലന പദ്ധതിയായ രക്ഷയില്‍ പരിശീലനം സിദ്ധിച്ച ആറായിരം പെണ്‍കുട്ടികളാണ് വനിതാ ദിനമായ ഇന്ന് ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ കരാട്ടെ പ്രദര്‍ശനം നടത്തുക. രക്ഷ കരാട്ടെ പ്രദര്‍ശനം വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടിയേക്കാവുന്ന ഇത്തരമൊരു പ്രദര്‍ശനം രാജ്യത്ത് ആദ്യമായാണ് നടക്കുക. ഇതിനായി ഗിന്നസ് ബുക്ക് അധികൃതര്‍ തലസ്ഥാനത്ത് എത്തിചേര്‍ന്നിട്ടുണ്ട്.
ജില്ലാ പഞ്ചായത്തിന്റെ പരിധിയിലുള്ള സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ 2016- 17 വര്‍ഷത്തിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരം നേടിയവരായിരുന്നു പരിശീലകര്‍. സ്‌കൂള്‍ പഠന സമയത്തിന് തടസം വരാതെയായിരുന്നു പരിശീലനം.
2017-18 വര്‍ഷത്തില്‍ ജില്ലയിലെ 130 സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലായി ഏഴായിരം പെണ്‍കുട്ടികള്‍ രക്ഷയില്‍ പരിശീലനം നേടി. 30 ലക്ഷം രൂപ പരിശീലനത്തിനായി ചെലവിട്ടു. ക്ലസ്റ്റര്‍ ക്യാമ്പുകളിലുടെ പരിശീലന മികവ് കണ്ടെത്തിയവരാണ് ഒരേ വേഷത്തില്‍ ഇന്ന് അണിനിരക്കുക.
ജീവിത പ്രതിസന്ധികള്‍ തരണം ചെയ്യാനും വലിയൊരളവുവരെ സാമൂഹിക പ്രശ്‌നങ്ങളിലിടപെട്ട് പരിഹാരം നേടാനും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന രീതിയിലാണ് രക്ഷാ പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കിയിട്ടുള്ളതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ വിമുക്തിയുടെ ഭാഗമായ ലഹരി വിരുദ്ധ പ്രതിജ്ഞയും ചടങ്ങില്‍ കുട്ടികള്‍ ചൊല്ലും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ കുട്ടികള്‍ക്ക് മൊമന്റോ നല്‍കും. വിദ്യാഭ്യാസവകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് സര്‍ട്ടിഫിക്കറ്റും ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അവാര്‍ഡുകളും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ പ്രശസ്തിപത്രവും വിതരണം ചെയ്യും.
ലഹരി വിരുദ്ധ പ്രതിജ്ഞ എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ കുട്ടികള്‍ക്ക് ചൊല്ലിക്കൊടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു യോഗത്തില്‍ അധ്യക്ഷനാകും.
