പദ്ധതി തുകയുടെ സമയബന്ധിതമായ ചിലവഴിക്കലിലൂടെ വികസന പദ്ധതികളുടെ വിജയകരമായ പൂര്‍ത്തീകരണത്തിന് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പരിശ്രമം വേണമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് പറഞ്ഞു. വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട് കലക്‌ട്രേററ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ഏകദിന ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. അംഗീകരിച്ച പദ്ധതിയില്‍ നിന്ന് മാറി പദ്ധതി നിര്‍വഹണം നടത്തുന്നതാണ് ഫണ്ട് ചെലവഴിക്കലില്‍ ബുദ്ധിമുട്ടുണ്ടാകുന്നത്.
ഗവണ്‍മെന്റ് നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വേണം പദ്ധതി രൂപരേഖ തയ്യാറാക്കേണ്ടത്. സംയുക്ത പദ്ധതികള്‍ മുന്‍കൂട്ടി നിശ്ചയിച്ച് ഫണ്ട് ഉറപ്പാക്കി കൃത്യമായ മേല്‍നോട്ടത്തില്‍ നടപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള പദ്ധതി തയ്യാറാക്കുന്നതിനുള്ള മാര്‍ഗ്ഗരേഖകള്‍, ത്രിതല പഞ്ചായത്തുകള്‍ ഏറ്റെടുക്കേണ്ട സംയുക്ത പ്രോജക്ടുകള്‍, നൂതന പ്രോജക്ടുകള്‍ ജില്ലാ പദ്ധതിയില്‍ സംസ്ഥാന വിഹിതം ഉപയോഗപ്പെടുത്തി സര്‍ക്കാരിലേക്ക് സമര്‍പ്പിക്കേണ്ട പ്രധാന പദ്ധതികള്‍, നടപ്പുവര്‍ഷത്തെ പദ്ധതി നിര്‍വഹണ പുരോഗതി, അവലോകനം തുടങ്ങിയ വിഷയങ്ങള്‍ ശില്‍പ്പശാലയില്‍ ചര്‍ച്ച ചെയ്തു. ചടങ്ങില്‍ ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
