മലബാര്‍ ടൂറിസം കുതിച്ചുചാട്ടത്തിന്റെ പാതയില്‍: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
കണ്ണൂർ: കാലങ്ങളായി അവഗണിക്കപ്പെട്ട മലബാര്‍ ടൂറിസം രംഗത്ത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വന്‍വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് ടൂറിസം സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍. കണ്ണൂരിലെ നവീകരിച്ച കെടിഡിസി ത്രീ സ്റ്റാര്‍ ഹോട്ടല്‍ ലൂം ലാന്‍ഡിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മലബാര്‍ ടൂറിസം രംഗം കുതിച്ചുചാട്ടത്തിന്റെ പാതയിലാണ്. ലോക ടൂറിസം ഭൂപടത്തില്‍ മലബാറിനെ മുന്‍നിരയിലെത്തിക്കാന്‍ കഴിഞ്ഞ നാലു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചതായും മന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച് മലബാറിലെ നദികളെ ബന്ധിപ്പിച്ച് നടപ്പിലാക്കി വരുന്ന 138 കോടിയുടെ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയില്‍ 25 കോടിയുടെ പ്രവൃത്തികള്‍ ഇതിനകം പൂര്‍ത്തീകരിക്കാനായി. ഇടക്കാലത്ത് നിലച്ചുപോയ തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി 41 കോടിയുടെ പദ്ധതികള്‍ക്ക് ഇതിനകം കിഫ്ബിയുടെ അംഗീകാരം നേടാനായതായും മന്ത്രി പറഞ്ഞു.
ടൂറിസം രംഗത്ത് കൊവിഡ് മാഹാമാരി ഉയര്‍ത്തിയ വെല്ലുവിളികളെ അതിജീവിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് കേരളം നടത്തിവരുന്നത്. ആരോഗ്യ രംഗത്തെ കേരളത്തിന്റെ ഖ്യാതി അന്താരാഷ്ട്ര തലത്തില്‍ എത്തിക്കാന്‍ നമുക്ക് സാധിച്ചു.
കെടിഡിസി സ്ഥാപനങ്ങളും പുരോഗതിയുടെ പാതയിലാണ്. കൊറോണക്കാലത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാവാന്‍ സ്വകാര്യ ഹോട്ടലുകളില്‍ പലതും വിമുഖത കാണിച്ചപ്പോള്‍ സംസ്ഥാനത്തെ മുഴുവന്‍ കെടിഡിസി ഹോട്ടലുകളും അതിന്റെ ഭാഗമാവാന്‍ തയ്യാറായതായും മന്ത്രി പറഞ്ഞു.
കെടിഡിസി ലൂം ലാന്‍ഡ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി.
കണ്ണൂരിനെ സംബന്ധിച്ചിടത്തോളം വിനോദ സഞ്ചാര മേഖലയില്‍ നേട്ടങ്ങളുടെ കാലമാണിതെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തോടൊപ്പം അഴീക്കല്‍ തുറമുഖം കൂടി യാഥാര്‍ഥ്യമാകുന്നതോടെ ഈ മേഖലയിലെ സാധ്യതകള്‍ കൂടുതലായി ഉപയോഗപ്പെടുത്താന്‍ നമുക്ക് സാധിക്കും. അഴീക്കല്‍ തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനത്തിനായുള്ള വിശദ പദ്ധതി രേഖ തയ്യാറായിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ മേയര്‍ സി സീനത്ത്, കെ സുധാകരന്‍ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാര്‍, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ടൂറിസം ഡയരക്ടര്‍ ബാലകിരണ്‍, കെടിഡിസി എംഡി കൃഷ്ണ തേജ, കൗണ്‍സിലര്‍ അഡ്വ. ലിഷ ദീപക്, കെടിഡിസി ഡയരക്ടര്‍മാരായ സിഎച്ച് കുഞ്ഞമ്പു, പി പി ദിവാകരന്‍, യു ബാബു ഗോപിനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.
താവക്കരയില്‍ സ്ഥിതി ചെയ്യുന്ന കെടിഡിസി ടാമറിന്റ് ഹോട്ടല്‍ 3.3 കോടി രൂപ ചെലവില്‍ നവീകരിച്ചാണ് ലൂം ലാന്റ് എന്ന പേരില്‍ ത്രീസ്റ്റാര്‍ ബഡ്ജറ്റ് ഹോട്ടലാക്കിയത്. 22 എസി മുറികള്‍, മള്‍ട്ടി ക്യുയിസിന്‍ റെസ്റ്റോറന്റ്, വിശാലമായ പാര്‍ക്കിങ് സൗകര്യം എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രീമിയം, എക്‌സിക്യൂട്ടീവ്, സ്യൂട്ട് എന്നീ തരത്തിലുള്ള മുറികള്‍ക്ക് 1750 രൂപ മുതല്‍ 2500 രൂപ വരെയാണ് വാടക. ഓണ്‍ലൈന്‍ ബുക്കിങ്ങ് സംബന്ധിച്ച വിവരങ്ങള്‍ കെ ടി ഡി സിയുടെ www.ktdc.com എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍ 0497 2700717, 9400008681, 9400008682.