* വനിതാ ഫോട്ടോ ജേര്‍ണലിസ്റ്റുകളെ ആദരിച്ചു
അനേകം പ്രതിസന്ധികളെ അതിജീവിച്ച വനിതാ ഫോട്ടോ ജേര്‍ണലിസ്റ്റുകള്‍ ഒരേ വേദിയില്‍ സംഗമിച്ച അപൂര്‍വ്വ മുഹൂര്‍ത്തത്തിന് തിരുവനന്തപുരം ഗവ. വിമന്‍സ് കോളേജ് സാക്ഷിയായി. തൊഴിലിടങ്ങളില്‍ സ്ത്രീ ആയതിനാല്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളും വിവേചനവും പഴയ തലമുറ അവതരിപ്പിച്ചപ്പോള്‍ പുതുതലമുറ വിവേചനരഹിത തൊഴിലിടങ്ങളെക്കുറിച്ച് സംസാരിച്ചു.
അന്താരാഷ്ട്ര വനിതാ ദിനത്തിനു മുന്നോടിയായി കേരള മീഡിയ അക്കാദമി വിമന്‍സ് കോളേജ് യൂണിയനുമായി സഹകരിച്ചാണ് വനിതാ ഫോട്ടോ ജേര്‍ണലിസ്റ്റുകളെ ആദരിക്കുന്ന പരിപാടി സംഘടിപ്പിച്ചത്. തിരുവനന്തപുരത്ത് വനിതാ ദിനത്തില്‍ ആരംഭിക്കുന്ന രാജ്യാന്തര വാര്‍ത്താചിത്ര മേളയുടെ രണ്ടാം പതിപ്പിനു മുന്നോടിയായാണ് ചടങ്ങ് സംഘടിപ്പിച്ചത്. വിഖ്യാത ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റുകളായ സരസ്വതി ചക്രബര്‍ത്തി, ഷിപ്രദാസ്, യു എസ് രാഖി, ആദ്യ ടെലിവിഷന്‍ ക്യാമറാവുമണ്‍ അനുപമ, ഷാജില എന്നിവരെയാണ് ആദരിച്ചത്. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍. എസ് ബാബു ഉപഹാരം സമര്‍പ്പിച്ചു. ഷിപ്രാദാസിനെ അക്കാദമി സെക്രട്ടറി കെ ജി സന്തോഷും സരസ്വതി ചക്രബര്‍ത്തിയെ ഫോട്ടോ ജേര്‍ണലിസ്റ്റ് ബിനുരാജ് മട്ടാഞ്ചേരിയും (മലയാള മനോരമ) എസ് രാഖിയെ പീതാംബരന്‍ പയ്യേരിയും (ഡെക്കാന്‍ ക്രോണിക്കിള്‍) അനുപമയെ ശിവജി കുമാറും (സിറാജ്) ഷാജിലയെ ബി സുമേഷും (കേരള കൗമുദി) പൊന്നാട അണിയിച്ച് ആദരിച്ചു.
ആദരണ ചടങ്ങ് തിരുവനന്തപുരം ഗവ. വിമന്‍സ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജി. വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവര്‍ത്തക സരിതാ വര്‍മ്മ ആമുഖ പ്രഭാഷണം നടത്തി. കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ഗൗരി എസ്. കൃഷ്ണ അധ്യക്ഷത വഹിച്ചു. കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി നീനാ പ്രസാദ് സ്വാഗതവും യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ ഖദീജ ഷഫീഖ് നന്ദിയും പറഞ്ഞു. കോളേജിന് കേരള മീഡിയ അക്കാദമിയുടെ ഉപഹാരം ഷിപ്രാദാസ് ചടങ്ങില്‍ സമര്‍പ്പിച്ചു.