മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയ്ക്കും രാജീവ് ഗാന്ധിയ്ക്കും എ ബി വാജ്‌പേയിക്കും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്കുമൊപ്പം സഞ്ചരിച്ച് ചരിത്രത്തിലിടം നേടിയ അനേകം മുഹൂര്‍ത്തങ്ങള്‍ പകര്‍ത്തി വെളുപ്പിലും കറുപ്പിലും ഒപ്പിയെടുത്തതിന്റെ സംഭവബഹുലമായ ഓര്‍മ്മകള്‍ ഇന്ത്യയിലെ ആദ്യത്തെ വനിതാ ഫോട്ടോ ജേര്‍ണലിസ്റ്റായ സരസ്വതി ചക്രബര്‍ത്തി പങ്കുവച്ചു. 1982-ല്‍ ഡല്‍ഹിയില്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫോട്ടോ ജേര്‍ണലിസ്റ്റായി പ്രവര്‍ത്തിച്ചപ്പോഴാണ് മുന്‍പ്രധാനമന്ത്രിമാര്‍ക്കൊപ്പം അവര്‍ സഞ്ചരിച്ചത്. 1992-ല്‍ ബാബറി മസ്ജിദ് തകര്‍ക്കുന്നതിന്റെ ചിത്രം പകര്‍ത്തിയ ഏക വനിതാ ഫോട്ടോ ജേര്‍ണലിസ്റ്റ് സരസ്വതി ചക്രബര്‍ത്തിയാണ്. സിയാചിന്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ചിത്രവും അവര്‍ പകര്‍ത്തി. പ്രധാനമന്ത്രിയായിരിക്കെ രാജീവ് ഗാന്ധിക്കൊപ്പം ശ്രീലങ്ക സന്ദര്‍ശിച്ചപ്പോള്‍ രാജീവ് ഗാന്ധിയെ നാവികസേനാ ഭടന്‍ അക്രമിക്കാന്‍ ശ്രമിച്ചതിന്റെ അന്തര്‍ദേശീയ ശ്രദ്ധ കിട്ടിയ ചിത്രം പകര്‍ത്തിയതും സരസ്വതി ചക്രബര്‍ത്തിയാണ്.
ജ്യോതിബസുവിന്റെ ചിത്രം പകര്‍ത്തി വാര്‍ത്താചിത്രങ്ങള്‍ക്ക് തുടക്കം കുറിച്ചതിന്റെ തുടിക്കുന്ന ഓര്‍മ്മകളാണ് കൊല്‍ക്കത്ത സ്വദേശിനി ഷിപ്രദാസ് പങ്കുവച്ചത്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സുഹൃത്തായ ഷിപ്രദാസ് ലാത്തിച്ചാര്‍ജും പോലീസ് അതിക്രമങ്ങള്‍ ഉള്‍പ്പെടെയുളള അനേകം സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. ഹൃദയം കൊണ്ട് ചിത്രങ്ങള്‍ പകര്‍ത്തുമ്പോഴും തൊഴിലിടങ്ങളില്‍ നേരിടേണ്ടി വന്ന വിവേചനങ്ങള്‍ അവര്‍ തുറന്നു പറഞ്ഞു. പുരുഷ മേധാവിത്വത്തിന്റെ തൊഴിലിടങ്ങളില്‍ സ്ത്രീയായതുകൊണ്ട് പിരിച്ചുവിടപ്പെട്ടതും ഇച്ഛാശക്തികൊണ്ട് പുരുഷന്‍മാര്‍ പോലും കടന്നുചെല്ലാത്ത മേഖലകളിലെത്തി ചിത്രമെടുത്തതുമൊക്കെ അവര്‍ വിദ്യാര്‍ഥികളുമായി പങ്കുവെച്ചു. ഇന്ത്യന്‍ വനിതാ ഫോട്ടോ ജേര്‍ണലിസ്റ്റുകളുടെ ആദ്യപഥികരില്‍ അഭിമാനിക്കുന്നതായി അവര്‍ പറഞ്ഞു. ഫോട്ടോ ജേര്‍ണലിസ്റ്റ് യു എസ് രാഖി , അനുപമ, ഷാജില എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവച്ചു.
അന്താരാഷ്ട്ര വനിതാ ദിനത്തിനു മുന്നോടിയായി കേരള മീഡിയ അക്കാദമി വിമന്‍സ് കോളേജ് യൂണിയനുമായി സഹകരിച്ചാണ് വനിതാ ഫോട്ടോ ജേര്‍ണലിസ്റ്റുകളെ ആദരിക്കുന്ന പരിപാടി സംഘടിപ്പിച്ചത്. തിരുവനന്തപുരത്ത് വനിതാ ദിനത്തില്‍(ഇന്ന്) ആരംഭിക്കുന്ന രാജ്യാന്തര വാര്‍ത്താചിത്ര മേളയുടെ രണ്ടാം പതിപ്പിനു മുന്നോടിയായാണ് ചടങ്ങ് സംഘടിപ്പിച്ചത്. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍. എസ് ബാബു ഉപഹാരം സമര്‍പ്പിച്ചു.