ആയുര്‍വേദ ടൂറിസത്തിന് അന്താരാഷ്ട്ര പ്രചാരം നല്‍കി കേരളത്തിലേക്ക് വിദേശികളെ ആകര്‍ഷിച്ചും ആയുര്‍വേദ മേഖല വിപുലമാക്കിയും സംസ്ഥാനത്തെ ആയുഷ് ഹബ്ബാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. മെയ് 17 മുതല്‍ 21 വരെ കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ആയുഷ് കോണ്‍ക്ലേവിന്റെയും ആരോഗ്യ എക്‌സ്‌പോയുടെയും ലോഗോ, ബ്രോഷര്‍, വെബ്‌സൈറ്റ് എന്നിവയുടെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ആയുര്‍വേദ ആശുപത്രികളെ ആധുനികമാക്കാനും കേരളത്തെ സമ്പൂര്‍ണ ആയുര്‍വേദ ഗ്രാമമാക്കാനും പദ്ധതി നടക്കുകയാണ്. ആയുര്‍വേദ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കണ്ണൂര്‍ ജില്ലയില്‍ 300 ഏക്കറോളം സ്ഥലം അക്വയര്‍ ചെയ്യാന്‍ നടപടിയായി. ആയുര്‍വേദ രംഗത്ത് ലോകോത്തര നിലവാരമുള്ള ഗവേഷണസ്ഥാപനം തുടങ്ങാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഹോമിയോ, യുനാനി, സിദ്ധ ആശുപത്രികള്‍ ആരംഭിക്കും.
കൊച്ചിയില്‍ മെയ് മാസത്തില്‍ നടക്കുന്ന ആയുഷ് കോണ്‍ക്ലേവും ആരോഗ്യ എക്‌സ്‌പോയും സംസ്ഥാനത്ത് ഹെര്‍ബല്‍, ആയുഷ് ബസാറുകള്‍ പ്രാവര്‍ത്തികമാക്കാനുള്ള വിപുലമായ സാധ്യതകളൊരുക്കുന്നതായിരിക്കുമെ ന്നും മന്ത്രി പറഞ്ഞു. ആയുഷ് മിഷന്‍ സംസ്ഥാന ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, ഐ.എസ്.എം. ഡയറക്ടര്‍ അനിത ജേക്കബ്, ഹോമിയോ വിഭാഗം ഡയറക്ടര്‍ ജമുന, ആയുഷ് ഡയറക്ടര്‍ ഉഷാകുമാരി തുടങ്ങിയവര്‍ സംബന്ധിച്ചു.