തിരുവനന്തപുരം: വിളപ്പിൽ ശാസ്‌താംപാറയിൽ നടപ്പിലാക്കി വരുന്ന ടൂറിസം പദ്ധതി നവംബറിൽ പൂർത്തീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. സംസ്ഥാനത്തെ ടൂറിസം സാദ്ധ്യതകൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനമൊട്ടാകെ നടപ്പിലാക്കി വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. 98 ലക്ഷം രൂപയുടെ പദ്ധതിയാണ് ശാസ്താംപാറയിൽ പുരോഗമിക്കുന്നത്. 2019 സെംപ്തമ്പർ അവസാന വാരം നിർമാണ പ്രവർത്തികൾ ആരംഭിച്ചു എങ്കിലും കോവിഡ് 19 മഹാമാരി മറ്റെല്ലാ മേഖലയെയും പോലെ നിർമാണ മേഖലയെയും ബാധിച്ചിരുന്നു. 75 ശതമാനം നിർമാണ പ്രവർത്തനങ്ങളും ഇതിനോടകം പൂർത്തീകരിച്ചിരുന്നു. പരമാവധി വേഗത്തിൽ നവംബറിൽ നിർമാണം പൂർത്തീകരിക്കുമെന്ന് നിർമാണ ഏജൻസി KEL അറിയിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

ശാസ്‌താംപാറയുടെ അനന്തമായ ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് ആദ്യമായി ശാസ്താംപാറയിൽ ടൂറിസം വികസനം നടപ്പിലാക്കുന്നത്. 50 ലക്ഷം രൂപയുടെ അടിസ്ഥാന വികസന പദ്ധതിയാണ് അന്ന് നടപ്പിലാക്കിയത്. 2016ൽ അധികാരത്തിലെത്തിയ പിണറായി വിജയൻ സർക്കാർ 98 ലക്ഷം രൂപയുടെ വികസന പ്രവർത്തികൾ നടപ്പിലാക്കുന്നതിനൊപ്പം തന്നെ ശാസ്താംപാറയിലെ അഡ്വെഞ്ചർ ടൂറിസം സാദ്ധ്യതകൾ കൂടി പ്രയോജനപ്പെടുത്തി ശാസ്‌താംപാറയിൽ ഒരു അഡ്വെഞ്ചർ ടൂറിസം അക്കാദമി സ്ഥാപിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. അക്കാദമി സ്ഥാപിക്കുന്നതിനാവശ്യമായ 12 ഏക്കർ ഭൂമി ഏറ്റെടുക്കുന്ന നടപടിക്ക് ടൂറിസം വകുപ്പ് അംഗീകാരം നൽകുകയും സ്ഥലത്തിന്റെ സോഷ്യൽ ഓഡിറ്റ് നടത്തി തുടർ നടപടികൾക്കായി റവന്യൂ വകുപ്പിന്റെ പരിഗണനയിലുമാണ്. ഈ സാമ്പത്തിക വര്‍ഷം തന്നെ നടപടികൾ പൂർത്തീകരിച്ച് സ്ഥലം ഏറ്റെടുത്ത് അക്കാദമി സ്ഥാപിക്കും എന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.