തൃശൂർ: പടിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം ഇനി മുതല്‍ കുടുംബാരോഗ്യകേന്ദ്രം. സംസ്ഥാന സര്‍ക്കാറിന്റെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്  പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയത്. കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായി എന്‍ ആര്‍ എച്ച് എമ്മില്‍ നിന്ന് അനുവദിച്ച 13 ലക്ഷം രൂപ ഉപയോഗിച്ച് പുതിയ കെട്ടിടം നിര്‍മ്മിച്ചു. എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച 15 ലക്ഷം രൂപ ലബോറട്ടറി സൗകര്യങ്ങള്‍ക്കായി വിനിയോഗിക്കും. കുടുംബാരോഗ്യകേന്ദ്രത്തില്‍ രാവിലെ 9 മുതല്‍ വൈകീട്ട്  4 വരെ  മൂന്ന് ഡോക്ടര്‍മാരുടെ സേവനം ലഭിക്കും. മൂന്ന് സ്റ്റാഫ് നഴ്സുമാരും ഉണ്ടാകും. 16 ആശാവര്‍ക്കര്‍മാരുടെ സേവനവും ലഭിക്കും. കേന്ദ്രത്തിന്റെ ഉദ്ഘാടനം പ്രൊഫ കെ യു അരുണന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി എസ് സുധന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ കെ ഉദയപ്രകാശ് മുഖ്യാതിഥിയായിരുന്നു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പ്രസിഡന്റ് കെ എസ് രാധാകൃഷ്ണന്‍, വിവിധ ജനപ്രതിനിധികള്‍ പങ്കെടുത്തു.