കാസർകോട് : കോടോം- ബേളൂര്‍ പഞ്ചായത്തിലെ ക്ലിനിപ്പാറ പട്ടികവര്‍ഗ്ഗ കോളനിയില്‍ കുടുംബശ്രീ ബ്രിഡ്ജ് കോഴ്സ് സെന്റര്‍ ആരംഭിച്ചു. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍ മുഖ്യാതിഥിയായി. അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പ്രകാശന്‍ പാലായി, വാര്‍ഡ് മെമ്പര്‍ പുഷ്പ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പട്ടികവര്‍ഗ്ഗ മേഖലയിലെ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനും, ഊരുകളിലെ കുട്ടികളുടെ വിദ്യാഭ്യാസമേഖലയിലെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് കൂടുതല്‍ കുട്ടികളെ എത്തിക്കുന്നതിനും കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതിയാണ് ബ്രിഡ്ജ് കോഴ്സ് സെന്റര്‍. ജില്ലയിലെ എട്ടാമത്തെ ബ്രിഡ്ജ് കോഴ്സ് സെന്ററാണിത്. ക്ലിനിപ്പാറ ഊരില്‍ നിന്ന് നിലവില്‍ 41 കുട്ടികളാണ് സ്‌കൂളില്‍ പോകുന്നത്. ഈ കുട്ടികള്‍ക്ക് പാഠ്യവിഷയങ്ങളില്‍ സഹായിക്കുക, വ്യക്തിത്വ വികസന ക്ലാസ്സുകള്‍, തുടങ്ങിയ സൗകര്യങ്ങള്‍ ബ്രിഡ്ജ് കോഴ്സ് സെന്ററില്‍ നിന്ന് ലഭിക്കും. ബ്രിഡ്ജ് കോഴ്സ് സെന്ററുകള്‍ ആരംഭിക്കുന്നതിലൂടെ ഊരിലെ അഭ്യസ്തവിദ്യരായ വ്യക്തിക്ക് തൊഴില്‍ നല്‍കുവാനും പദ്ധതിയിലൂടെ സാധിക്കും.
