പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതി പ്രകാരം അംഗീകാരം ലഭിച്ച് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് മുഖേന, പള്ളിക്കല്‍ ഡിവിഷനിലെ തുമ്പമണ്‍ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട ചേന്നേല്‍ തെക്കേചരുവില്‍ പട്ടികജാതി കോളനിയില്‍ നടപ്പിലാക്കുന്ന മണ്ണ് സംരക്ഷണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഡിവിഷന്‍ അംഗം മുരുകേശ് നിര്‍വഹിച്ചു. തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ സി.കെ. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.പി. മോഹനന്‍, ടി.ആര്‍ ഗോപാലന്‍, ബിജു.ജി, ശ്രീജു എന്നിവര്‍ സംസാരിച്ചു. പത്തനംതിട്ട  മണ്ണ് സംരക്ഷണ ഓഫീസര്‍ എന്‍.സുരേന്ദ്രന്‍ പദ്ധതി പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. മണ്ണ് സംരക്ഷണ ഓഫീസ് ജീവനക്കാരായ ഓവര്‍സിയര്‍ സുര്‍ജിത്ത് തങ്കന്‍, മിനി.പി, സെയ്ദ് മുഹമ്മദ്, ശ്യാംകുമാര്‍, പ്രദേശവാസികള്‍, ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പ്രത്യേക ഘടക പദ്ധതിയില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്കായി പദ്ധതി പരിമിതപ്പെടുത്തിയിരിക്കുന്നു.