പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ അത്യാഹിതവിഭാഗം കെട്ടിട സമുച്ചയം ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ വീഡിയോ കോണ്‍ഫറന്‍സിലൂടെ നാടിന് സമര്‍പ്പിച്ചു. ജില്ലയുടെ കിഴക്കന്‍ മലയോര മേഖല ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് പുനലൂര്‍ താലൂക്ക് ആശുപത്രിയെയാണ്. അതുകൊണ്ട് തന്നെ അടിയന്തര പരിചരണം ആവശ്യമായി വരുന്നവര്‍ക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.
കെട്ടിട സമുച്ചയത്തിന്റെ ശിലാഫലകം വനം വകുപ്പ് മന്ത്രി കെ രാജു അനാച്ഛാദനം ചെയ്തു. പുനലൂരിന്റെ വികസനത്തിനായി കക്ഷിരാഷ്ട്രീയ ഭേദമന്യേ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ആരോഗ്യ വകുപ്പിന്റെ പദ്ധതി വിഹിതത്തില്‍ നിന്നും നാലു കോടി രൂപ വിനിയോഗിച്ചാണ് നാല് നിലകളുള്ള കെട്ടിടം പണിപൂര്‍ത്തിയാക്കിയത്. ഐ പി വിഭാഗം, എക്‌സ്‌റേ റൂം, അള്‍ട്രാസൗണ്ട് വിഭാഗം, റിസപ്ഷന്‍, മിനി ഓപ്പറേഷന്‍ തിയേറ്റര്‍, മേജര്‍ ഓപ്പറേഷന്‍ തീയേറ്റര്‍, എമര്‍ജന്‍സി ഐ സി യു, നിരീക്ഷണ മുറി തുടങ്ങിയ സൗകര്യങ്ങളാണ് കെട്ടിടത്തില്‍ ഒരുക്കിയിരിക്കുന്നത്.
ആരോഗ്യ വകുപ്പ് വഴി അനുവദിച്ച 31 ലക്ഷം രൂപയുടെ ഓക്‌സിജന്‍ വിതരണ സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.
പുനലൂര്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ കെ എ ലത്തീഫ് അധ്യക്ഷനായി. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ ആര്‍ ഷാഹിര്‍ഷ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സബീന സുധീര്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുഭാഷ് ജി നാഥ്, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.