കോവിഡ് കാലത്തും കേരളം വികസനക്കുതിപ്പില്‍: മന്ത്രി ജി.സുധാകരൻ
തിരുവനന്തപുരം : കോവിഡ് കാലത്തും വികസന പ്രവര്‍ത്തനങ്ങളില്‍ കേരളം മുന്നിലാണന്ന് പൊതുമരാമത് മന്ത്രി ജി.സുധാകരന്‍. കാട്ടാക്കട നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ നിര്‍മ്മാണോദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിസന്ധികാലത്ത് ജാഗ്രതയോടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന ഐ.ബി. സതീഷ് എം.എല്‍.എ യുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കാട്ടാക്കടയിലെ കാട്ടുവിള-ചെറുകോട്- മുക്കുംപാല റോഡ്, കിള്ളി – ഇ.എം.എസ് അക്കാദമി റോഡ്, പങ്കജകസ്തൂരി-മൊളിയൂര്‍-കാന്തല റോഡ് എന്നിങ്ങനെ പ്രധാനപ്പെട്ട മൂന്ന് റോഡുകളുടെ നവീകരണ പ്രവൃത്തികളുടെ നിര്‍മ്മാണോദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്.
കാട്ടുവിള വിജയ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഐ.ബി സതീഷ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കൃത്യമായ പഠനങ്ങള്‍ക്ക് ശേഷം ബി.എം & ബി.സി നിലവാരത്തിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും അടിയന്തരമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു റോഡുകള്‍ സഞ്ചാരയോഗ്യമാക്കുമെന്നും എം.എല്‍.എ പറഞ്ഞു.
നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തളകുമാരി, വൈസ് പ്രസിഡന്റ് വിളപ്പില്‍ രാധാകൃഷ്ണന്‍, വിളപ്പില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അനില്‍കുമാര്‍, മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ അസീസ്, ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.ബി .ബിജു ദാസ് വിളപ്പില്‍ പഞ്ചായത്ത് അംഗം ടി എസ് വിജയകുമാര്‍, പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാർ തുടങ്ങിയവര്‍ പങ്കെടുത്തു.