എറണാകുളം: ആരോഗ്യ സേവനങ്ങൾ ഉറപ്പു വരുത്തുന്നതിനായി തദ്ദേശ സ്ഥാപനങ്ങളിൽ വാർഡ് ഫെസിലിറ്റേഷൻ സെൻററുകൾ രൂപീകരിക്കുന്ന പദ്ധതിക്ക് സംസ്ഥാന തലത്തിൽ തുടക്കമായി. ആരോഗ്യവകുപ്പും ദേശീയ ആരോഗ്യദൗത്യവും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ വീഡിയോ കോൺഫറൻസ് വഴി പദ്ധതി ഉദ്ഘാടനം ചെയ്തു. കേരളത്തിലുടനീളം ഫെസിലിറ്റേഷൻ സെൻറർ ആരംഭിക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
ജനങ്ങള്‍ക്കാവശ്യമായ ആരോഗ്യ – സാമൂഹ്യ സേവനങ്ങള്‍ ഫെസിലിറ്റേഷൻ സെൻ്ററുകളിലൂടെ ലഭ്യമാക്കും. ദേശിയ ആരോഗ്യ ദൗത്യത്തിന്‍റെ ഫണ്ടുപയോഗിച്ച് സെന്‍ററിന് ആവശ്യമായ ഫര്‍ണിച്ചര്‍, ആരോഗ്യ സംബന്ധമായ ഉപകരണങ്ങള്‍, കിടപ്പുരോഗികള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ എന്നിവ ഒരുക്കും.. വാര്‍ഡ് മെമ്പര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ആശ പ്രവര്‍ത്തക, കുടുംബശ്രീ എ ഡി എസ്, അംഗന്‍വാടി ടീച്ചര്‍ എന്നിവര്‍ അടങ്ങുന്ന കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. കുടുംബശ്രീ, ഐ സി ഡി എസ്, തൊഴിലുറപ്പ് തുടങ്ങിയ എജന്‍സികള്‍ക്കും സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താം. . ഇത്തരം വാര്‍ഡ് ഫെസിലിറ്റേഷന്‍ സെന്‍റ്ററുകള്‍ വരുന്നതോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മാത്രം ലഭിച്ചിരുന്ന പല സേവനങ്ങളും വാര്‍ഡുകളില്‍ ലഭ്യമാകും.ഉദ്ഘാടന ചടങ്ങിൽ കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.കെ.തുളസി ടീച്ചർ അധ്യക്ഷത വഹിച്ചു. ഡി. പി എം ഡോ.മാത്യൂസ് നുമ്പേലി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ എം.കെ.കുട്ടപ്പൻ മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്തിലെ 17 വാർഡുകളിലെയും ഫെസിലിറ്റേഷൻ സെൻ്ററുകളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.