തിരുവനന്തപുരം ജില്ലയിലെ എൻ. സി. സി നേവൽ കേഡറ്റുകൾക്കായുള്ള ട്രെയിനിംഗ് സെന്ററിന്റെ നിർമ്മാണോദ്ഘാടനം 14 ന് ആക്കുളത്ത് നടക്കും.

സെന്റർ പ്രവർത്ത സജ്ജമാകുന്നതോടെ ഓരോ വർഷവും ജില്ലയിലെ ആയിരത്തോളം നേവൽ കേഡറ്റുകൾക്ക് ഇന്ത്യൻ നേവിയുടെ  പ്രാഥമിക പരിശീലനം, നീന്തൽ, സെയിലിംഗ് എക്സ്പെഡീഷൻ, ബോട്ട് പുളളിംഗ്, റാഫ്റ്റിംഗ്, യാച്ചിംഗ്, കായക്കിംഗ്, കാനോയിംഗ്, തുടങ്ങിയ ജലസാഹസിക പരിശീലനവും ഡ്രിൽ, ഫയറിംഗ് പരിശീലനവും നൽകും.

മറ്റ് സംസ്ഥാനങ്ങളിലെ കേഡറ്റുകൾക്ക് 10 ദിവസം വീതമുള്ള ക്യാമ്പുകളും സെന്ററിൽ നടത്താം.  ദേശീയ നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യമാണ് സെന്ററിൽ പൊതുമരാമത്ത് വകുപ്പും എൻ സി സിയും രൂപകൽപന ചെയ്തിരിക്കുന്നത്.

1 കേരള നേവൽ യൂണിറ്റ് ആക്കുളത്തിന്റെ ക്യാമ്പ് സൈറ്റിൽ രാവിലെ 11 ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ ശിലാസ്ഥാപനം നിർവഹിക്കും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ മുഖ്യാതിഥിയാകും. ഡോ.ശശി തരൂർ എം പി, മേയർ കെ ശ്രീകുമാർ, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ്, കളക്ടർ ഡോ. നവജ്യോത് ഖോസ, എൻ.സി.സി ഡയറക്ടർ കേണൽ എസ്. ഫ്രാൻസിസ് എന്നിവർ പങ്കെടുക്കും.