വടക്കഞ്ചേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തെ ആധുനിക സൗകര്യങ്ങളോടുകൂടിയ മികച്ച ചികിത്സാ കേന്ദ്രമാക്കി മാറ്റുമെന്ന് പട്ടികജാതി- പട്ടികവർഗ – പിന്നാക്ക ക്ഷേമ-നിയമ- സാംസ്കാരിക- പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലൻ പറഞ്ഞു. വടക്കഞ്ചേരി സാമൂഹികാരോഗ്യകേന്ദ്രം കെട്ടിട നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സാമൂഹികാരോഗ്യ കേന്ദ്രo നവീകരിക്കുന്നതിനായി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും എട്ടു കോടി രൂപയുടെ മാസ്റ്റർ പ്ലാനാണ് തയ്യാറാക്കിയിരിക്കുന്നത്.

രണ്ട് ഘട്ടമായി നടപ്പാക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ രണ്ടു കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനമാണ് നടന്നത്. രണ്ടാംഘട്ടത്തിൽ ആധുനിക ചികിത്സ സംവിധാനങ്ങളും ട്രോമാ കെയർ സെന്റർ, ഡിജിറ്റൽ റേഡിയോളജി, എംആർഐ സ്കാൻ, ഓപ്പറേഷൻ തീയേറ്റർ, ആധുനിക ഡയാലിസിസ് യൂണിറ്റ് തുടങ്ങിയ സജ്ജീകരണങ്ങൾ നടപ്പിലാക്കും. മികച്ച ആധുനിക ചികിത്സ സംവിധാനങ്ങളുള്ള ആശുപത്രിയായി വടക്കഞ്ചേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.

തരൂർ, ആലത്തൂർ നിയോജകമണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന മൂന്ന് കിലോമീറ്റർ ദൈർഘ്യമുള്ള വടക്കഞ്ചേരി-കിഴക്കഞ്ചേരി റോഡിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. മൂന്ന് കോടി ചെലവഴിച്ചാണ് റോഡ് നിർമ്മിക്കുന്നത്. പരിപാടിയിൽ കെ.ഡി പ്രസേനൻ എം.എൽ.എ അധ്യക്ഷനായി. ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. കെ ചാമുണ്ണി, വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത പോൾസൺ, കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത മാധവൻ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.